മുച്ചൂർക്കാവ് ദേവീക്ഷേത്രത്തിൽ മോഷണം

Sunday 14 September 2025 1:45 AM IST

ഉദയംപേരൂർ: വലിയകുളം മുച്ചൂർക്കാവ് ദേവീക്ഷേത്രത്തിൽ മോഷണം. തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ കത്തിച്ച് ശ്രീകോവിലിന്റെ ലോക്ക് തകർക്കുകയായിരുന്നു. മൂന്ന് പഞ്ചലോഹഗോളകകൾ മോഷ്ടാക്കൾ കവർന്നു. സമീപത്ത് തന്നെയുള്ള വലിയകുളം മാവേലിസ്റ്റോറിലും മോഷണശ്രമം നടന്നിട്ടുണ്ട്. ലോക്കറിൽ അൻപതിനായിരം രൂപ ഉണ്ടായിരുന്നുവെങ്കിലും ലോക്കർ പൊളിക്കാൻ സാധിക്കാത്തതിനാൽ പണം നഷ്ടപ്പെട്ടില്ല.

മാവേലി സ്റ്റോറിന്റെ വാതിലിന്റെ പൂട്ട് പൊളിച്ച് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. സ്റ്റോക്കെടുത്താലേ എന്തൊക്കെ നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് അറിയാൻ സാധിക്കൂ.

ഇന്നലെ പുലർച്ചെ മൂന്നുമണിയോടെയാണ് മോഷണം നടന്നിട്ടുള്ളതെന്ന് ക്ഷേത്രത്തിനു സമീപത്തുള്ള നിരീക്ഷണ ക്യാമറകളിൽനിന്ന് വ്യക്തമായി. ഉദയംപേരൂർ പൊലീസ് അന്വേഷണം തുടങ്ങി.