ഇന്ത്യ - പാകിസ്ഥാന്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നില്ല; ബിസിസിഐ പ്രതിനിധികളും എത്തില്ലെന്ന് സൂചന
ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഞായറാഴ്ചയാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്. ഐസിസി, എസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരു രാജ്യങ്ങളും ഇപ്പോള്‍ ഏറ്റുമുട്ടുന്നത്. അതുകൊണ്ട് തന്നെ സാധാരണനിലയ്ക്ക് ക്രിക്കറ്റിലെ ഈ ക്ലാസിക് പോരാട്ടത്തിന്റെ ടിക്കറ്റുകള്‍ വില്‍പ്പനയ്ക്ക് വച്ചാല്‍ നിമിഷം നേരംകൊണ്ടാണ് വിറ്റുതീരുന്നത്. എന്നാല്‍ ഏഷ്യ കപ്പ് പോരില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. മത്സരത്തിന്റെ ടിക്കറ്റുകള്‍ ഇനിയും ബാക്കിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായി ക്രിക്കറ്റ് മത്സരം കളിക്കുന്നതിന് വലിയ വിയോചിപ്പാണ് ജനങ്ങള്‍ക്കിടയിലുള്ളത്. സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ മത്സരം ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും നടക്കുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരം നടക്കുമോയെന്ന് പോലും ഒരുഘട്ടത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണസില്‍ ടൂര്‍ണമെന്റിന്റെ ഷെഡ്യൂള്‍ പുറത്തുവിട്ടപ്പോള്‍ ഇന്ത്യ - പാകിസ്ഥാന്‍ മത്സരം നടക്കുമെന്ന് ഉറപ്പായി.
പാകിസ്ഥാനെതിരെ ക്രിക്കറ്റ് മത്സരത്തിന് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാരിനും ബിസിസിഐക്കും വിമര്‍ശനം ശക്തമാണ്. പാകിസ്ഥാന്‍ വേദിയായ ചാമ്പ്യന്‍സ് ട്രോഫി മാര്‍ച്ചില്‍ നടന്നപ്പോള്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ് നടത്തിയത്. ഇനി ഒരു ടൂര്‍ണമെന്റിലും രണ്ട് രാജ്യങ്ങളും പരസ്പരം സന്ദര്‍ശിക്കില്ലെന്നും നിഷ്പക്ഷ വേദികളിലാകും മത്സരങ്ങള്‍ നടത്തുകയെന്നും ഐസിസി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഏഷ്യ കപ്പില്‍ ഇന്ത്യ - പാക് മത്സരം നടക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധം വ്യാപകമാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ ബിസിസിഐ ഉന്നതര്‍ സ്റ്റേഡിയത്തില്‍ കളി കാണാന്‍ എത്തില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജയ് ഷാ ഉള്‍പ്പെടെയുള്ളവര്‍ മത്സരം കാണാന്‍ വരില്ല. ബിസിസിഐയുടെ ഒരു പ്രധാന ഭാരവാഹികളും ദുബായില്‍ എത്തിയിട്ടില്ല. ചാമ്പ്യന്‍സ് ട്രോഫി മാര്‍ച്ചില്‍ നടന്നപ്പോള്‍ ഇന്ത്യ - പാക് മത്സരം കാണാന്‍ ബസിസിഐ ഭാരവാഹികള്‍ ഉള്‍പ്പെടെ എത്തിയിരുന്നു.