അദ്വൈതാശ്രമത്തിനു മുന്നിൽ കക്കൂസ് മാലിന്യം തള്ളി

Sunday 14 September 2025 1:18 AM IST

ആലുവ: ആലുവ അദ്വൈതാശ്രമത്തിന് മുമ്പിൽ രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളി. കാന നിറഞ്ഞ് മാലിന്യം ആശ്രമം റോഡിലേക്കും പ്രധാന റോഡിലേക്കും ഒഴുകിയത് കടുത്ത ദുർഗന്ധത്തിന് ഇടയാക്കി. ഇന്നലെ പുലർച്ചെ റോഡ് ശുചീകരണത്തിനെത്തിയ നഗരസഭ കണ്ടിജൻസി ജീവനക്കാരാണ് ആശ്രമത്തിന് മുന്നിലെ ട്രാൻസ്ഫോർമറിന് സമീപം കക്കൂസ് മാലിന്യം കണ്ടത്. ആശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പെരുമ്പാവൂർ ഭാഗത്ത് നിന്നും വന്ന മിനി ടാങ്കറിൽ നിന്നാണ് കക്കൂസ് മാലിന്യം തള്ളിയതെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ആശ്രമം വഴിയിലേക്ക് തിരിയുന്ന ഭാഗത്ത് പൊതു കാനയുടെ സ്ലാബ് ഒരടിയോളം ഉയരത്തിലാണ്. ഇതിന് ഇടയിലൂടെ മാലിന്യ ലോറിയിൽ നിന്നും പൈപ്പ് ഉപയോഗിച്ച് കാനയിലേക്ക് തള്ളുകയായിരുന്നുവെന്നാണ് സൂചന. കാന നിറഞ്ഞ് തിരിഞ്ഞൊഴുകിയതാണ് മാലിന്യം റോഡിൽ പരക്കാൻ കാരണം. ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, ആലുവ പൊലീസ് ഇൻസ്പെക്ടർ വി.എം. കെർസൺ എന്നിവർ സ്ഥലം സന്ദർശിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി. മാലിന്യം തള്ളിയതിന് എതിർ വശത്തെ ബാങ്കിന്റെ സി.സി ടി.വി ദൃശ്യം നാളെ പൊലീസ് ശേഖരിക്കും. കക്കൂസ് മാലിന്യ മാഫിയയാണ് മാലിന്യ നിക്ഷേപത്തിന് പിന്നിലെന്നാണ് സൂചന.

അദ്വൈതാശ്രമത്തിന് മുമ്പിൽ കക്കൂസ് മാലിന്യം തള്ളാൻ വഴിയൊരുക്കിയത് ആലുവ പൊലീസിന്റെ ഗുരുതരമായ വീഴ്ച്ചയാണ്. ശക്തമായ സുരക്ഷ ലഭിക്കേണ്ട കേരള ഗവർണർ, 100 മീറ്റർ അകലെ ആലുവ ഗസ്റ്റ് ഹൗസിൽ താമസിക്കുമ്പോഴാണ് അദ്വൈതാശ്രമത്തിന് സമീപം മാലിന്യം തള്ളിയത്. ഗവർണർ താമസിക്കുന്ന സുരക്ഷാ മേഖലയിൽ ഇത്തരം ഒരു സംഭവം നടക്കാനിടയായ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

അൻവർ സാദത്ത് എം.എൽ.എ

കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം ആലുവ യൂണിയൻ

അദ്വൈതാശ്രമത്തിന് മുന്നിൽ കക്കൂസ് മാലിന്യം തള്ളിയവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ആലുവ യൂണികൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.

ചില പൊലീസുകാരുടെ ഒത്താശ

ആലുവ മേഖലയിലെ പൊതു കാനകളിലും പെരിയാർ വാലി കനാലുകളിലും കക്കൂസ് മാലിന്യം തള്ളുന്നതിന് ചില പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്ന് ആക്ഷേപം. നേരത്തെ സംഭവം വിവാദമായതിനെ തുടർന്ന് കുറച്ച് നാളുകളായി മാലിന്യമാഫിയയുടെ ശല്യം കുറവായിരുന്നു. ചുണങ്ങംവേലി പാലം, തോട്ടുമുഖം എന്നിവിടങ്ങളിലാണ് പതിവായി കക്കൂസ് മാലിന്യം തള്ളിയിരുന്നത്. കക്കൂസ് മാലിന്യം നീക്കാൻ കരാർ എടുക്കുന്ന ഗുണ്ടാ സംഘങ്ങൾ പൊലീസിനെ പണം നൽകി സ്വാധീനിക്കുന്നുവെന്നാണ് ആക്ഷേപം ഉണ്ടായത്.

മലിനജല സംസ്കരണ പ്ലാന്റിൽ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചയാൾ പിടിയിൽ

അദ്വൈതാശ്രമത്തിന് സമീപത്തെ നഗരസഭയുടെ മലിനജല സംസ്കരണ പ്ലാന്റിൽ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചയാൾ പൊലീസ് പിടിയിൽ. വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം. ആശ്രമം അന്തേവാസികളെത്തി പ്ലാസ്റ്റിക്ക് മാലിന്യം കത്തിക്കരുതെന്ന് പറഞ്ഞപ്പോൾ ആയുധം എടുത്ത് ഭീഷണിപ്പെടുത്താനും ശ്രമം ഉണ്ടായി. തുടർന്നാണ് പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്.