കിണറ്റിൽ വീണയാളെ രക്ഷിക്കുന്നതിനിടെ കയർ പൊട്ടി; കൊല്ലത്ത് യുവാക്കൾക്ക് ദാരുണാന്ത്യം
Saturday 13 September 2025 9:20 PM IST
കൊല്ലം: കിണറ്റിൽ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയർ പൊട്ടി അപകടം. കിണറ്റിൽ വീണയാളും രക്ഷിക്കാൻ ഇറങ്ങിയയാളും മരിച്ചു. കൊല്ലം കല്ലുവാതുക്കലിലാണ് സംഭവം. കിണറ്റിൽ വീണ കല്ലുവാതുക്കൽ സ്വദേശി വിഷ്ണു (23), രക്ഷിക്കാൻ ഇറങ്ങിയ മയ്യനാട് ധവളക്കുഴി സ്വദേശി ഹരിലാൽ (24) എന്നിവരാണ് മരിച്ചത്. ഇന്ന് വെെകിട്ടാണ് അപകടം നടന്നത്.
വെള്ളത്തിൽ നിന്ന് പുറത്തെടുത്ത വിഷ്ണുവുമായി ഹരിലാൽ കിണറിന് മുകളിലേക്ക് കയറുന്നതിനിടെ കയർ പൊട്ടി ഇരുവരും താഴേക്ക് വീഴുകയായിരുന്നു. വിഷ്ണു കിണറ്റിൽ വീണപ്പോൾ വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയതായിരുന്നു സമീപത്തെ സ്വകാര്യ ഫാക്ടറിയിലെ ജീവനക്കാരനായ ഹരിലാൽ. വിഷ്ണുവുമായി കിണറിന്റെ മദ്ധ്യഭാഗത്ത് എത്തിയപ്പോഴാണ് കയർ പൊട്ടിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.