വികസിത ഭാരതമെന്ന ലക്ഷ്യത്തിന് വികസിത കേരളം അനിവാര്യം: ഗവർണർ
കൊച്ചി: വികസിത ഭാരതം എന്ന ലക്ഷ്യത്തിലെത്താൻ വികസിത കേരളവും കൂടിയേ തീരൂവെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞു. കേരളം വികസിക്കുമ്പോഴാണ് ഇന്ത്യ പൂർണമായി പുരോഗതി കൈവരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി ആവിഷ്‌കരിച്ച ഫ്യൂച്ചർ കേരള മിഷന്റെ ഭാഗമായുള്ള ലെക്ചർ സീരിസിന്റെ ഉദ്ഘാടനവും ഐഡിയ ഫെസ്റ്റ് ലോഞ്ചിംഗും നിർവഹിക്കുകയായിരുന്നു ഗവർണർ.
വികസിത ഭാരതം എന്ന സങ്കല്പത്തിന് കേവലം സാമ്പത്തിക അളവുകോലുകൾക്കപ്പുറം വിശാലമായ അർത്ഥങ്ങളുണ്ട്. കൊളോണിയൽ കാഴ്ചപ്പാടുകളിൽ നിന്ന് ഭാരതീയ ചിന്തയെ മോചിപ്പിക്കുക സുപ്രധാനമാണ്. സ്വാഭിമാനവും പുരോഗമന ചിന്തയുമുള്ള ഒരു സമൂഹത്തെ വാർത്തെടുത്താണ് വികസിത ഭാരതം യാഥാർത്ഥ്യമാവുകയെന്നും ഗവർണർ പറഞ്ഞു.
ചെറിയ സംസ്ഥാനമായ ഗോവയ്ക്ക് പോലും നിരവധി സമുദ്ര അനുബന്ധ വ്യവസായങ്ങൾ സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ, കേരളത്തിന് എന്തുകൊണ്ട് സാധിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
ഫ്യൂച്ചർ കേരള മിഷൻ എന്നത് വിദ്യാഭ്യാസ പദ്ധതി മാത്രമല്ല, സമൂഹത്തെ ക്രിയാത്മകമായി മാറ്റിമറിക്കാൻ ലക്ഷ്യമിടുന്ന കൂട്ടായ പരിശ്രമമാണെന്ന് കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി പ്രൊ. വൈസ് ചാൻസലർ പ്രൊഫ. ഡോ. ജെ ലത പറഞ്ഞു.
നൂതനമായ ഭാവിക്കുവേണ്ടി കേരളത്തെ വാർത്തെടുക്കുക എന്ന വലിയ സ്വപ്നത്തിലേക്കുള്ള ചുവടുവെപ്പാണിതെന്നും കൂട്ടിച്ചേർത്തു.
പ്രമുഖർ പങ്കെടുക്കുന്ന പ്രഭാഷണ പരമ്പരയിലൂടെ എല്ലാ മാസവും കേരളത്തിന്റെ സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ വേണു രാജാമണി പറഞ്ഞു. ജെയിൻ യൂണിവേഴ്‌സിറ്റി പരീക്ഷാ കൺട്രോളർ ഡോ. മധു കുമാർ, ഫിനാൻസ് മേധാവി രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.