സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ മണ്ണെടുത്തു; ആശുപത്രി കാന്‍റീൻ അടിത്തറ ഇളകി

Sunday 14 September 2025 12:51 AM IST
കോ​ട്ട​പ്പ​റ​മ്പ് ​സ്ത്രീ​ക​ളു​ടെ​യും​ ​കു​ട്ടി​ക​ളു​ടെ​യും​ ​ആ​ശു​പ​ത്രി​ ​കാ​ന്റീ​നോ​ട് ​ചേ​ർ​ന്ന് ​ഭാ​ഗ​ത്തെ​ ​മ​ണ്ണി​ടി​ഞ്ഞ​പ്പോൾ

കോഴിക്കോട്: കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ കാന്‍റീൻ പേവാർഡ്, കെട്ടിടത്തിനോട് ചേർന്ന് ഭാഗത്തെ മണ്ണിടിഞ്ഞു വീണു. മുന്നറിയിപ്പ് നൽകിയിട്ടും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ആശുപത്രിയോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മണ്ണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചെടുത്തതിനെ തുടർന്നാണ് വീണ്ടും മണ്ണിടിഞ്ഞത്. അപകടഭീഷണിയെ തുടര്‍ന്ന് പേവാര്‍ഡിലെ 11 രോഗികളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. ഇത് മൂന്നാം തവണയാണ് മണ്ണിടിയുന്നത്. കാന്റീൻ കെട്ടിടം അടച്ചിട്ടിരിക്കുകയായതിനാൽ വൻ അപകടം ഒഴിവായി.

മുമ്പ് രണ്ടുതവണ മണ്ണിടിഞ്ഞതിനാൽ ഇരുമ്പു ഷീറ്റുകൾ ഉപയോഗിച്ച് ബലപ്പെടുത്തുകയോ കാന്റീൻ കെട്ടിടത്തിന്റെ സ്ലാബിന് താങ്ങ് നൽകുകയോ ചെയ്യണമെന്ന് കോർപറേഷൻ ഉടമസ്ഥനോട് നിർദേശിച്ചിരുന്നു. എന്നാൽ ഇത് പാലിക്കാതെ ചുറ്റുമതിൽ പ്രവൃത്തി ആരംഭിക്കുകയായിരുന്നു. എൻജിനീയറോ സൂപ്പർവൈസറോ സ്ഥലത്തുണ്ടായിരുന്നില്ലെന്നും ആക്ഷേപമുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവൃത്തി നടത്തരുതെന്ന് സ്ഥലത്തെത്തിയ ടൗൺ പൊലീസ് നിർദേശിച്ചു. മണ്ണിടിഞ്ഞ ഭാഗത്ത് അടിയന്തിരമായി ബലപ്പെടുത്തല്‍ നടപടി ചെയ്യാന്‍ സ്ഥലമുടമയോട് ആവശ്യപ്പെടുകയും അതുവരെ നിര്‍മ്മാണ പ്രവ‍ൃത്തികള്‍ നിര്‍ത്തി വയ്ക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.