ആദായ നികുതി റിട്ടേൺ നാളെ വരെ

Sunday 14 September 2025 12:58 AM IST

കൊച്ചി: ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി നാളെ അവസാനിക്കാനിരിക്കെ പോർട്ടലിലെ തടസങ്ങൾ നികുതിദാതാക്കളെ വലയ്ക്കുന്നു. 2024-25 സാമ്പത്തിക വർഷത്തിലെ റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ആദായ നികുതി വകുപ്പിന്റെ സൈറ്റ് ലഭ്യമല്ലാത്ത സാഹചര്യമുണ്ടെന്ന് ചാർട്ടേഡ് അക്കൗണ്ടന്റുമാരും ടാക്‌സ് പ്രാക്ടീഷണർമാരും പറയുന്നു. അഡ്വാൻസ് ടാക്സ് അടയ്ക്കാനുള്ള അവസാന സമയവും അടുത്തതോടെ ഉപയോക്താക്കളുടെ എണ്ണം കൂടിയതാണ് വിനയായത്. ഇതുവരെ ആറ് കോടി നികുതിദാതാക്കളാണ് ഐ.ടി റിട്ടേൺ ഫയൽ ചെയ്തത്.

റിട്ടേൺ നൽകാനുള്ള കാലാവധി ഇനിയും നീട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ 45 ദിവസം സാവകാശം സർക്കാർ അനുവദിച്ചിരുന്നു. നിശ്ചിത സമയത്ത് റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ള നികുതിദായകർ 5,000 രൂപ പിഴ നൽകേണ്ടി വരും.