സ്വർണ വിപണിക്ക് ആവേശമാകാൻ രാജ്യാന്തര പ്രദർശനം
ഏഷ്യയിലെ ഏറ്റവും വലിയ പ്രദർശനം ഒക്ടോബർ 31 മുതൽ നവംബർ രണ്ട് വരെ അങ്കമാലിയിൽ
തിരുവനന്തപുരം: ഏഷ്യയിലെ ഏറ്രവും വലിയ സ്വർണാഭരണ പ്രദർശനം ഒക്ടോബർ 31 മുതൽ നവംബർ രണ്ട് വരെ അങ്കമാലി അഡ്‌ലസ് ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടക്കും. രാജ്യത്തെ ആഭരണ നിർമ്മാതാക്കളും ഇറ്റാലിയൻ, ടർക്കിഷ്, ചൈന, യു.എ.ഇ ഉൾപ്പെടെ വിദേശ സ്ഥാപനങ്ങളും മൊത്തവിതരണക്കാരും പങ്കെടുക്കും.
ചെറുകിട വ്യാപാരികൾക്ക് മൊത്തവിതരണക്കാരിൽ നിന്ന് ആഭരണങ്ങൾ ബുക്ക് ചെയ്യാൻ അവസരമൊരുക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ ചെയർമാൻ ബി.ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 22,18,14 കാരറ്റ് സ്വർണാഭരണങ്ങളുടെയും ഡയമണ്ട്, പ്ളാറ്റിനം ആഭരണങ്ങളുടേയും വിപുലമായശേഖരം പ്രദർശനത്തിലുണ്ട്. 100 മില്ലി ഗ്രാമിന്റെ ഇറ്റാലിയൻ നിർമ്മിത മാല പ്രധാന ആകർഷണമാണ്. ലൈറ്റ് വെയ്‌റ്റ് ആഭരണങ്ങളുടെ ശേഖരവും സജ്ജമാക്കിയിട്ടുണ്ട്.
ജനറൽ സെക്രട്ടറി കെ.എം.ജലീൽ, ട്രഷറർ ബിന്ദു മാധവ്, റോയി പാലത്ര, ഹഷീം കോന്നി, വേണുഗോപാൽ എസ്.ആർ, ജോയി പഴേമഠം, മൊയ്തു, കണ്ണൻ ശരവണ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പ്രവേശനത്തിന് നിയന്ത്രണം
കേരളത്തിലെ ആറായിരം സ്വർണവ്യാപാരികൾ പങ്കെടുക്കുന്ന പ്രദർശനത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കില്ല. നവംബർ രണ്ടിന് നടക്കുന്ന സംസ്ഥാനസമ്മേളനത്തിന് മുന്നോടിയായി ഒക്ടോബർ 15 ന് ജില്ലാതല സമ്മേളനവും ജുവലറി എക്സിബിഷൻ റോഡ് ഷോയും നടക്കും.
ജി.എസ്.ടി കുറയ്കണം
സ്വർണത്തിന് നിലവിൽ ഈടാക്കുന്ന ജി.എസ്.ടി ഉപഭോക്താക്കൾക്ക് താങ്ങാവുന്നതിലും അധികമായതിനാൽ നികുതി മൂന്നിൽ നിന്ന് ഒരു ശതമാനമായി കുറയ്ക്കണമെന്നും ജി.എസ്.ടി കൗൺസിലിനോടും കേന്ദ്ര ധനമന്ത്രിയോടും ആവശ്യപ്പെടും. ജി.എസ്.ടി നിലവിൽ വരുമ്പോൾ സ്വർണം എട്ട് ഗ്രാമിന് 20000 രൂപയായിരുന്ന നികുതി ഇപ്പോൾ പണിക്കൂലി ഉൾപ്പെടെ 90000 രൂപയ്ക്കടുത്താണ്.
ഉപഭോഗം കുറയുന്നു
വിലയിലെ വർദ്ധന കച്ചവടക്കാർക്ക് ഗുണമാണെന്ന ധാരണ തെറ്റാണെന്ന് ബി. ഗോവിന്ദൻ പറഞ്ഞു.
ഒരു പവന് അഞ്ച് വർഷം മുൻപുണ്ടായിരുന്ന വില ഇരട്ടിയായതോടെ സ്വർണ വിൽപ്പന കുറയുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമിന് ആറായിരം കൂടിയതോടെ ഉപഭോക്താക്കൾ സ്വർണം വാങ്ങുന്നതിൽ നിന്ന് പിന്മാറിയെന്ന് പ്രസിഡന്റ് ജസ്റ്റിൻ പാലത്ര പറഞ്ഞു.