നഗര വീഥികൾ ഇന്ന് അമ്പാടിയാകും

Sunday 14 September 2025 12:09 AM IST
നഗര വീഥികൾ ഇന്ന് അമ്പാടിയാകും

കോഴിക്കോട്: കുസൃതിച്ചിരിയും കുട്ടിക്കുറുമ്പുമായി കുഞ്ഞ് അമ്പാടിക്കണ്ണന്മാരും ഗോപികമാരും നഗരവീഥികൾ കീഴടക്കും. നാടെങ്ങും ഉണ്ണിക്കണ്ണനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. വർണ്ണ ശബളമായ ഘോഷയാത്രകളാണ് ജില്ലയിൽ അരങ്ങേറുക. നഗരത്തിലെ പ്രധാന ശോഭായാത്ര ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിൽ നിന്ന് ഉദ്ഘാടന ശേഷം അഞ്ച് മണിയോടെ ആരംഭിക്കും. യാത്രയിൽ പുതിയ സ്റ്റാന്റ് ജംഗ്ഷനിൽ നിന്നും പുതിയറയിൽ നിന്ന് വരുന്ന ശോഭായാത്രയും മാവൂർ ജംഗ്ഷനിൽ നിന്ന് കാരപ്പറമ്പ് ഭാഗത്തുനിന്ന് വരുന്ന ശോഭായാത്രയും സി.എച്ച് ഓവർ ബ്രിഡ്ജിൽ നിന്നും വെള്ളയിൽ ഭാഗത്തിത്തുനിന്ന് വരുന്ന ശോഭായാത്രയും സബ് വേൽ നിന്നും കല്ലായി ഭാഗത്ത് നിന്ന് വരുന്ന ശോഭാ യാത്രയും ചേർന്ന് മഹാശോഭായാത്രയായി മുതലക്കുളം മൈതാനിയിൽ പ്രത്യേകം സജ്ജമാക്കിയ അമ്പാടിയിൽ പ്രസാദ് വിതരണത്തോടെ അവസാനിക്കും. ടൗണിൽ മഹാശോഭായാത്രയിൽ 75 ടേബ്ലോയും രാമനാട്ടുകര, പന്തീരാങ്കാവ്, മെഡിക്കൽ കോളേജ്, ഫറോക്ക് എന്നിവിടങ്ങളിലെ ശോഭായാത്രകളിൽ 250 ടേബ്ലോയും ഉണ്ടാകും. ജില്ലയിൽ ആകെ ശോഭായാത്രയിൽ ഒരു ലക്ഷത്തോളം ഭക്തന്മാർ പങ്കെടുക്കും. നഗരത്തിൽ ഉച്ചക്ക് ശേഷം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.