മിനി മാവേലി സ്റ്റോർ : ലക്ഷ്യം വരുമാന വർദ്ധന
തിരുവനന്തപുരം: വരുമാനക്കുറവ് കാരണം കട നടത്തിപ്പ് മുന്നോട്ടുകൊണ്ടു പോകാൻ ഒരു വിഭാഗം വ്യാപാരികൾ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് റേഷൻ കടകളിൽ മിനി മാവേലി സ്റ്റോറുകളാക്കാനുള്ള ഭക്ഷ്യ പൊതു വിതരണ വകുപ്പിന്റെ ആലോചന.
രണ്ടായിരത്തോളം റേഷൻ കടകളിൽ പ്രതിമാസ വരുമാനം 15,000 രൂപയ്ക്കു താഴെ. കൊച്ചി പോലുള്ള നഗര കേന്ദ്രങ്ങളിലെ കടകളിലെ വരുമാനം ഏഴായിരത്തിനു താഴെ. വകുപ്പ് സെക്രട്ടറി എം.ജി.രാജമാണിക്യം ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ നേരിട്ട് കണ്ടെത്തിയതാണിത്. വ്യാപാരികളിൽ മിക്കവരുടേയും പ്രധാന ഉപജീവന മാർഗമാണ് റേഷൻ കട. നേരത്തെ 14,300 റേഷൻ കടകളുണ്ടായിരുന്നു. ഇപ്പോഴത് 13,914 ആയതിനു പ്രധാന കാരണം വ്യാപാരികൾ രംഗം വിട്ടതാണ്. സംസ്ഥാനത്ത് പലയിടത്തും കെ. സ്റ്റോർ വിജയകരമായി പ്രവർത്തിക്കുന്നു. അത് കൂടുതൽ വിപുലപ്പെടുത്തി മാവേലി സ്റ്റോർ മോഡലിലാക്കിയാൽ ജനങ്ങൾക്കൊപ്പം റേഷൻ വ്യാപാരികൾക്കും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ..
സബ്സിഡിയിൽ
എതിർപ്പ്
റേഷൻ കടകൾ വഴി സബ്സിഡി സാധനങ്ങൾ വിൽക്കുന്നതിൽ സപ്ലൈകോയ്ക്ക് എതിർപ്പുണ്ട്. അത് സപ്ലൈകോയുടെ വരുമാനത്തെ സാരമായി ബാധിക്കുമെന്ന് മാനേജ്മെന്റ് ഭക്ഷ്യമന്ത്രി ജി.ആർ.അനിലിനെ അറിയിച്ചു. സപ്ലൈകോയെ ദോഷകരമായി ബാധിക്കുന്ന നടപടികളൊന്നും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകില്ല. പദ്ധതിയുടെ അന്തിമ രൂപം തയാറാക്കുന്നതിന് സപ്ലൈകോ അധികൃതരുമായി മന്ത്രി ജി.ആർ.അനിൽ ചർച്ച നടത്തും.
''സപ്ലൈകോയുടെ വിപണനത്തെ ബാധിക്കാതെയും, റേഷൻ കട ഉടമകൾക്ക് ഗുണകരമായ രീതിയിലുമാവും പദ്ധതി നടപ്പിലാക്കുക''
- മന്ത്രി ജി.ആർ.അനിൽ
''വ്യാപാരികൾക്ക് പ്രയോജനം ചെയ്യുന്ന പദ്ധതി നടപ്പിലാക്കണം''
-ടി. മുഹമ്മദാലി, സെക്രട്ടറി,
റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോ.
റേഷൻ കടകൾ 13,914
സപ്ലൈകോ വിപണ കേന്ദ്രങ്ങൾ 1,630