ഏച്ചു കെട്ടിയ ഐക്യമല്ല വേണ്ടത് : ബിനോയ് വിശ്വം
ആലപ്പുഴ:പാർട്ടിയിൽ ലക്ഷ്യബോധത്തോടെ ,ആശയപരമായ അടിത്തറയുള്ള പൂർണ ഐക്യം കെട്ടിപ്പടുക്കുകയാണ് പരമ പ്രധാനം. കമ്യൂണിസ്റ്റ് പാർട്ടി ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ആ ദൗത്യത്തിന് വേണ്ടി പാർട്ടി സഖാക്കളെ വിശ്വാസത്തിലെടുത്ത് പ്രവർത്തിക്കും- സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കേരളകൗമുദിയോട് പറഞ്ഞു.
?സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ
പ്രഥമ പരിഗണന എന്തിനാണ് ?
ആശയപരവും രാഷ്ട്രീയപരവുമായ ഐക്യമാണ് വേണ്ടത്.ഏച്ചു കെട്ടിയ ഐക്യമല്ല. പാർട്ടി സഖാക്കളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേട്ട് അവരെ കൂട്ടിയിണക്കി കൊണ്ടുപോയാൽ പാർട്ടിക്ക് കരുത്തോടെ മുന്നോട്ടു പോകാനാകും.. കമ്യൂണിസ്റ്റ് ആശയമെന്നത് പാഴ് വാക്കല്ല. ഇപ്പോഴത്തെ ഏറ്റവും വലിയ വിപത്ത് ആർ.എസ്.എസും ബി.ജെ.പിയുമാണ്.അതിനെ തട്ടിത്തെറിപ്പിക്കാനുള്ള വലിയ ഐക്യനിര ആവശ്യമുണ്ട്. അതിനെ യാഥാർത്ഥ്യമാക്കാൻ ഇടതുപക്ഷ ഐക്യനിര വേണം. അവിടെയാണ് കമ്യൂണിസ്റ്റ് ഐക്യത്തിന്റെ ആവശ്യം. തിരഞ്ഞെടുപ്പ് കൂട്ടുകെട്ടു മാത്രമായിട്ടല്ല അതിനെ കാണേണ്ടത്.
?സെക്രട്ടറിയെന്ന നിലയ്ക്ക് ആദ്യ വെല്ലുവിളി
അടിയന്തര വെല്ലുവിളി തദ്ദേശ തിരഞ്ഞെടുപ്പാണ് . അത് അസംബ്ളി തിരഞ്ഞെടുപ്പിന്റെ ആമുഖമാണ്. അതിന്റെ അടിസ്ഥാനത്തിൽ ഇടതു വിജയത്തിനായി പാർട്ടിയെ ശക്തിപ്പെടുത്തണം. .
?കെ.പ്രകാശ് ബാബുവിനെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് കേട്ടു.
ശുദ്ധമായ അവാസ്തവം. പ്രസംഗിക്കുമ്പോൾ സമയക്രമം പാലിക്കേണ്ടതുണ്ട് . സമയം നീണ്ടാൽ അത് നിയന്ത്രിക്കുന്നത് പ്രസീഡിയത്തിന്റെ അവകാശമാണ്. സ്വാഗത പ്രസംഗം നീണ്ടപ്പോൾ എന്നോടും പറഞ്ഞിട്ടുണ്ട്. പ്രകാശ്ബാബു കേരളത്തിലെ പാർട്ടിയുടെ പ്രധാനപ്പെട്ട നേതാവാണ്.
?കെ.ഇ ഇസ്മയിലിനെതിരെ വലിയ വിമർശനം ഉയർത്തിയല്ലോ.
ഇസ്മായിൽ സ്വന്തം പ്രവൃത്തി കൊണ്ടും സംസാരം കൊണ്ടും അനുനിമിഷം പാർട്ടിക്ക് അന്യമായിക്കൊണ്ടിരിക്കുന്നു. അദ്ദേഹത്തോട് പരമാവധി വിട്ടുവീഴ്ച കാട്ടുന്നുണ്ട്. ഇതൊന്നും പാർട്ടി ആഗ്രഹിച്ചതല്ല, അദ്ദേഹം അതിന് വഴി വച്ചു .ആ മാർഗം തിരുത്തി വന്നാൽ നൂറു വട്ടം സ്വാഗതം.
?സംസ്ഥാന കൗൺസിൽ അംഗങ്ങളെ നിശ്ചയിച്ചതിൽ ചില അപസ്വരങ്ങളുണ്ടായല്ലോ.
വളരെ ചെറിയ ചില അപസ്വരങ്ങളുണ്ടായിട്ടുണ്ട്. പാർട്ടിൽ എന്തെങ്കിലും വിഷയങ്ങളുണ്ടായാൽ മാദ്ധ്യമങ്ങളെ തേടി ഓടുന്നത് കമ്യൂണിസ്റ്റുകാരന്റെ രാഷ്ട്രീയ പക്വതയല്ല. വളരെ തരംതാണ രീതിയുള്ള വലതുപക്ഷ രാഷ്ട്രീയമാണത്. കഴമ്പുള്ള എന്തെങ്കിലും വിമർശനങ്ങളോ വിഷയങ്ങളോ ആണെങ്കിൽ നിശ്ചയമായും പരിഗണിക്കും.
സ്ത്രീകളോട് മോദി മാപ്പ് പറയണം: ബിനോയ് വിശ്വം
ആലപ്പുഴ: മണിപ്പൂരിൽ മാനഭംഗത്തിനിരായി നഗ്നരായി നഗരത്തിലൂടെ നടക്കേണ്ടി വന്ന യുവതികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പുപറയണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാപം നടന്ന മണിപ്പൂരിലേക്ക് രണ്ടുവർഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയെത്തിയത്. ഏതോ വിദേശരാജ്യമാണ് മണിപ്പൂരെന്ന ചിന്തയിലായിരുന്നു ഇത്രയും നാൾ അദ്ദേഹം. ബീഹാറിലേതുപോലെ കേരളത്തിലും വോട്ടർ പട്ടിക പരിഷ്കരിക്കാൻ നോക്കിയാൽ ശക്തമായി പ്രതിഷേധിക്കും. ബീഹാറല്ല കേരളം. ആദിവാസികളെയും ദളിതരെയും അവഗണിക്കാനാണ് വോട്ടർ പട്ടിക പരിഷ്കരണമെന്നും അദ്ദേഹം പറഞ്ഞു.