പാളത്തൈരുമായി ചേനപ്പാടി സംഘമെത്തി

Sunday 14 September 2025 12:37 AM IST

കോഴഞ്ചേരി : ചേനപ്പാടി ചെറിയമഠത്തിൽ രാമച്ചാരുടെ പാളത്തൈരേ.... അത് കൊണ്ടു വാ..., ആറന്മുള വളളസദ്യയിൽ കരനാഥൻമാർ പാടി ചോദിക്കുന്ന ഒഴിവാക്കാനാകാത്ത വിഭവമാണ് പാളത്തൈര്. ഭഗവാന്റെ പിറന്നാൾ സദ്യ ഒരുക്കാൻ ആവശ്യമായ തൈരുമായി ചേനപ്പാടി സംഘം ആറന്മുളയിൽ ഇന്നലെ എത്തിച്ചേർന്നു. അഷ്ടമിരോഹിണി നാളിൽ ആറന്മുളയിൽ നടക്കുന്ന വളളസദ്യക്ക് ആവശ്യമായ തൈര് പരമ്പരാഗതമായി ചേനപ്പാടിക്കാരുടെ ചുമതലയിലാണ് എത്തിക്കുന്നത്. ചേനപ്പാടിയിലെ വിവിധ ഹിന്ദു സംഘടനകളുടെയും ഭക്തജനങ്ങളുടെയും സഹകരണത്തോടെ വാഴൂര്‍ തീർത്ഥപാദാശ്രമത്തിൽ ശേഖരിച്ച പാൽ ഉറയൊഴിച്ച് തൈരാക്കിയെടുത്ത 1500 ലിറ്ററാണ് അഷ്ടമിരോഹിണി സദ്യക്ക് ഉപയോഗിക്കുന്നത്. ചേനപ്പാടി കിഴക്കേക്കര ദേവീ ക്ഷേത്രത്തിൽ നിന്ന് ശനിയാഴ്ച പുലർച്ചെ നാമസങ്കീർത്തനാലപനത്തോടെ പുറപ്പെട്ട ഘോഷയാത്ര ഉച്ചയോടെ ആറന്മുള കിഴക്കേ നടയിൽ എത്തിച്ചേർന്നു. വാഴൂർ തീർത്ഥപാദാശ്രമം സെക്രട്ടറി ഗരുഡധ്വജാനന്ദ തീർത്ഥപാദസ്വാമികൾ, പാർത്ഥസാരഥി ഭക്തജന സമിതി ഭാരവാഹികളായ കോയിക്കൽ രാജപ്പൻ നായർ, സുരേഷ് നാഗമറ്റത്തിൽ, കെ.എസ്.ജയകൃഷ്ണൻ, പി.പി.വിജയകുമാർ, അഭിലാഷ് പടത്തിയാനിക്കൽ എന്നിവരുടെ നേതൃത്വത്തിൽ എത്തിച്ചേർന്ന ചേനപ്പാടി സംഘത്തിനെ പളളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ഭാരവാഹികളായ കെ.എസ്.സുരേഷ്, രമേഷ്‌കുമാർ മാലിമേൽ, അജയ് ഗോപിനാഥ്, ഡോ.സുരേഷ്ബാബു, രവീന്ദ്രൻ നായർ, ബി.കൃഷ്ണകുമാർ, രഘുനാഥ് കോയിപ്രം, മാലക്കര ശശികുമാർ , ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് വിജയൻ നടമംഗലത്ത് സെകട്ടറി ശശി കണ്ണങ്കേരിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ചേനപ്പാടി സംഘത്തിന് വടക്കേ മാളികയിൽ വളളസദ്യ നൽകിയാണ് ഇവരെ ആറന്മുള നിന്ന് മടക്കി അയച്ചത്.