അത്തിക്കയം പാലത്തിൽ വെളിച്ചമെത്തും സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു

Sunday 14 September 2025 2:54 AM IST
അത്തിക്കയം പാലത്തിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥപിക്കുന്നതിനുള്ള ജോലികൾ ആരംഭിച്ചപ്പോൾ

അത്തിക്കയം: ശബരിമല ഇടത്താവളമായ അത്തിക്കയം പാലത്തിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. തീർത്ഥാടകർ ഉൾപ്പെടെ നിരവധി യാത്രക്കാർ ആശ്രയിക്കുന്ന ഈ പാലത്തിൽ വെളിച്ചമില്ലാത്തത് വലിയ ബുദ്ധിമുട്ടായിരുന്നു. നാറാണംമൂഴി പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലുകളെ തുടർന്നാണ് ഇപ്പോൾ ഈ പദ്ധതി യാഥാർത്ഥ്യമാകുന്നത്.കഴിഞ്ഞ ശബരിമല സീസണിൽ പാലത്തിൽ താത്കാലികമായി ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി പഞ്ചായത്ത് കെ.എസ്ഇ.ബിയെ സമീപിച്ചിരുന്നു. എന്നാൽ, താത്കാലിക സംവിധാനങ്ങൾ അനുവദിക്കാനാവില്ലെന്നും സ്ഥിരമായ ലൈറ്റുകൾ സ്ഥാപിച്ചാൽ മാത്രമേ കണക്ഷൻ നൽകുവാൻ കഴിയുകയുള്ളൂവെന്നും കെ.എസ്ഇബി അറിയിച്ചു. ഇതിനെത്തുടർന്ന്, പാലത്തിന്റെ ഇരുവശങ്ങളിലും മീറ്റർ സ്ഥാപിച്ച് സ്ഥിരം ലൈറ്റുകൾ സ്ഥാപിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ഈ പദ്ധതിക്കായി വിവിധ വകുപ്പുകളിൽ നിന്ന് ആവശ്യമായ അനുമതികൾ നേടാൻ പഞ്ചായത്ത് അധികൃതർ പരിശ്രമിച്ചു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ഇന്നലെ പ്രവൃത്തി ആരംഭിച്ചിരിക്കുകയാണ്. അത്തിക്കയം പാലത്തിൽ വെളിച്ചമെത്തുന്നതോടെ രാത്രികാലങ്ങളിൽ ഇതുവഴിയുള്ള യാത്ര കൂടുതൽ സുരക്ഷിതമാകും. ശബരിമല തീർത്ഥാടകർക്ക് ഇത് വലിയ ആശ്വാസമാകും.