മായം കലർന്ന വെളിച്ചെണ്ണ വ്യാപകം: പരിശോധനാ ഫലം വൈകുന്നത് തിരിച്ചടി

Sunday 14 September 2025 1:01 AM IST

തൃശൂർ: വിലക്കയറ്റം രൂക്ഷമായതോടെ മായം കലർന്ന വെളിച്ചെണ്ണ വ്യാപകം. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ടെങ്കിലും പൂർണമായും തടയാനാകുന്നില്ല. സാമ്പിളുകൾ നൽകിയതിന്റെ പരിശോധനാഫലം വൈകുന്നതിനാൽ നടപടികൾ സ്വീകരിക്കാൻ കഴിയുന്നില്ല. ഓണത്തിന് ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ വൻ തോതിൽ ഗുണനിലവാരം കുറഞ്ഞതും മായം കലർന്നതുമായ വെളിച്ചെണ്ണ പിടിച്ചെടുത്തിരുന്നു. സാമ്പിൾ പരിശോധനയ്ക്കയച്ചാൽ 15 ദിവസം മുതൽ ഒരു മാസം വരെ കാത്തിരിക്കണം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ റീജണൽ ലബോറട്ടറികളിലാണ് പരിശോധന. ഓണത്തിനുമുമ്പ് നടത്തിയ പരിശോധനയിൽ സംസ്ഥാനത്ത് വ്യാപകമായി ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണ കണ്ടെത്തിയിരുന്നു. 16,565 ലിറ്റർ വെളിച്ചെണ്ണയാണ് ഗുണനിലവാരമില്ലാത്തതിനാൽ പിടികൂടിയത്. വിവിധ ജില്ലകളിലെ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണർമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകളായായിരുന്നു പരിശോധന.

കൂടുതൽ പിടിച്ചത്

മലപ്പുറത്ത്

(ലിറ്ററിൽ):

കാസർകോട്................. 545

മലപ്പുറം..........................1943

പാലക്കാട്....................... 988

തൃശൂർ............................. 630

ഇടുക്കി.............................. 107

പത്തനംതിട്ട.................. 300

വരവ് തമിഴ്നാട്ടിൽ നിന്ന്

ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വരുന്നത് കൂടുതലും തമിഴ്‌നാട്ടിൽ നിന്നാണ്. ഇവിടെ നിന്നാണ് കൊപ്രയും എത്തുന്നത്. ഓണ സമയത്ത് വെളിച്ചെണ്ണ വില കൂടി നിൽക്കുന്നത് മുതലെടുത്താണ് ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണ വ്യാപകമായത്. മില്ലുകളിൽ വില കുറഞ്ഞ ഓയിലുകൾ കലർത്തിയും വെളിച്ചെണ്ണ വിൽക്കാറുണ്ട്.

പരിശോധന കർശനമാക്കിയതോടെ മായം കലർന്ന വെളിച്ചെണ്ണയുടെ വില്പന കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. സാധാരണ ആഘോഷ സമയങ്ങളിലാണ് പരിശോധന വ്യാപകമായി നടത്താറുള്ളത്. ഇപ്പോൾ സംശയമുള്ള വില്പന കേന്ദ്രങ്ങളിലും മില്ലുകളിലുമൊക്കെ പരിശോധന പതിവാണ്.

കെ.സുജയ്യൻ, അസിസ്റ്റന്റ് കമ്മിഷണർ,ഭക്ഷ്യസുരക്ഷാ വകുപ്പ്‌