ദുർമന്ത്രവാദക്രിയക്കെത്തിയ യുവാവും മന്ത്രവാദിയും പുഴയിൽ മുങ്ങിമരിച്ചു
ചിറ്റൂർ:കൊഴിഞ്ഞാമ്പാറയിൽ മന്ത്രവാദിയും യുവാവും ദുർമന്ത്രവാദക്രിയകൾക്കിടെ പുഴയിൽ മുങ്ങി മരിച്ചു.കൊഴിഞ്ഞാമ്പാറ സ്വദേശി ഹസൻ മുഹമ്മദ് (59),കോയമ്പത്തൂർ സ്വദേശി യുവരാജ്(18) എന്നിവരാണ് മരിച്ചത്.ഇന്നലെ ഉച്ചയോടെ കുലുക്കപ്പാറ പുഴയിലാണ് സംഭവം.യുവരാജും അമ്മയും സഹോദരി ഭർത്താവും ഉൾപ്പെടെ നാല് പേരാണ് കോയമ്പത്തൂരിൽ നിന്നും ഹസൻ മുഹമ്മദിന്റെ അടുത്ത് എത്തിയത്. മകന് ജോലി ഒന്നും ശരിയാവുന്നില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ശനിയാഴ്ച എത്തിയപ്പോൾ ഒരാഴ്ച കഴിഞ്ഞു വീണ്ടും വരാൻ ആവശ്യപ്പെടുകയായിരുന്നു.തുടർന്ന് ഇന്നലെ രാവിലെ 10.30 മണിയോടെയാണ് കൊഴിഞ്ഞാമ്പാറ പള്ളിത്തെരുവിലേക്ക് എത്തിയത്.ഹസൻ മുഹമ്മദിന്റെ വീട്ടിലാണ് ദുർമന്ത്രവാദ ക്രിയകൾ നടന്നത്.ഇതിനുശേഷം പരിഹാരക്രിയയ്ക്കായി ഹസൻ മുഹമ്മദും യുവരാജും പുഴയിൽ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.ചിറ്റൂർ അഗ്നിരക്ഷാ സേന അംഗങ്ങൾ രണ്ടു മണിക്കൂർ നേരം പുഴയിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.