ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പ്രവർത്തനം സുതാര്യം: വി.സി
കൊല്ലം: ഏറെ സുതാര്യമായാണ് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രവർത്തിക്കുന്നതെന്ന് വൈസ് ചാൻസലർ ഡോ. വി.പി.ജഗതിരാജ് പറഞ്ഞു. സ്ഥിരം ജീവനക്കാർ ഇല്ലാത്തതിനാൽ സർക്കാർ കരാർ അടിസ്ഥാനത്തിൽ അനുവദിച്ച തസ്തികകൾ മാത്രമാണുള്ളത്. പഠിതാക്കളുടെ എണ്ണം വർദ്ധിച്ചപ്പോൾ ക്ലാസും പരീക്ഷകളും പരീക്ഷാഫലവും സമയബന്ധിതമായി പൂർത്തിയാക്കാൻ അത്യാവശ്യമായ അദ്ധ്യാപക അനദ്ധ്യാപക തസ്തികകൾ യൂണിവേഴ്സിറ്റി ആക്ട് അനുസരിച്ചാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇവ സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. എല്ലാ നിയമനങ്ങളിലും യു.ജി.സിയുടെയും സംസ്ഥാന സർക്കാരിന്റെയും നിയമങ്ങളും യോഗ്യതകളും സംവരണക്രമങ്ങളും പാലിച്ചാണ് നടത്തിയിട്ടുള്ളത്.
ഇതുവരെയുള്ള എല്ലാ ഓഡിറ്റ് റിപ്പോർട്ടുകളിലും സർവകലാശാലയുടെ സാമ്പത്തിക ഇടപാടുകളിലെയും നിയമനങ്ങളിലെയും സുതാര്യത വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. 2023-24 ലെ ഓഡിറ്റ് റിപ്പോർട്ടിൽ വരവിനങ്ങളിലെ നഷ്ടം, ചെലവിനങ്ങളിലെ നഷ്ടം എന്നീ ഭാഗങ്ങളിൽ യാതൊരു തുകയും നഷ്ടം ഇല്ലായെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും വൈസ് ചാൻസലർ വ്യക്തമാക്കി.