ദേ ഇവിടെയുണ്ട്, വയലറ്റ് നെൽപ്പാടം!

Sunday 14 September 2025 12:33 AM IST

കൊല്ലം: കൊട്ടാരക്കര പൂവറ്റൂർ കിഴക്ക് തെങ്ങുംതറ പുഞ്ചപ്പാടത്ത് കതിരിട്ട് നിൽക്കുന്നത് പച്ചനിറത്തിലുള്ള നെൽച്ചെടികളല്ല. കടും വയലറ്റ് നിറത്തിലുള്ളത്. ഐ.ടി.ഐ അദ്ധ്യാപകനും കൃഷിക്കാരനുമായ പൂവറ്റൂർ കിഴക്ക് ശ്യാമളത്തിൽ ബി. സുബിത്തിന്റെ (43) നെൽപ്പാടത്താണ് ഈ അപൂർവ കാഴ്ച. മഹാരാഷ്ട്രയിലെ പരമ്പരാഗത നെല്ലിനമായ 'നസർബാത്താ'ണിത്. ആന്തോ സയാനിൻസ് പോലുള്ള പിഗ്മന്റുകളുടെ സാന്നിദ്ധ്യമാണ് നെൽച്ചെടിക്ക് വയലറ്റ് നിറം നൽകുന്നത്. കണ്ടാൽ നെൽച്ചെടിയാണെന്ന് തോന്നില്ല.

വയനാട്ടുകാരനായ സുഹൃത്താണ് സുബിത്തിന് ഈ നെൽവിത്ത് നൽകിയത്. പൂവറ്റൂരിലെ ഏലായിൽ ഇത് കതിരിട്ട് തുടങ്ങി. വിത്തിറക്കി മുളച്ചപ്പോൾതന്നെ കടും വയലറ്റ് നിറമായിരുന്നു. സാധാരണ നെൽച്ചെടിയുടെ ഇരട്ടി ഉയരം വച്ചശേഷമാണ് കതിരിട്ട് തുടങ്ങിയത്. വിളവെത്താൻ 110-120 ദിവസം വേണം. എന്നാൽ, ഇതിൽ വിളയുന്ന നെല്ലിന് സാധാരണ നിറം തന്നെയാണ്.

കൊല്ലം ചന്ദനത്തോപ്പ് ഗവ. ഐ.ടി.ഐയിലെ സീനിയർ അദ്ധ്യാപകനാണ് സുബിത്ത്. ജോലി കഴിഞ്ഞ് വൈകിട്ടാണ് കൃഷിയിടത്തിലിറങ്ങുന്നത്. സ്വന്തമായുള്ള പന്ത്രണ്ടേക്കറിൽ കൃഷിയുണ്ട്. രണ്ടരയേക്കറിൽ നെൽക്കൃഷിയാണ്. ഗന്ധകശാല, കറുത്ത ഞവര, രക്തശാലി നെല്ലുകളും കൃഷിചെയ്തിട്ടുണ്ട്. ഭാര്യ അപർണയും മക്കൾ അഗ്നി ഭഗത്തും ആഗ്നിജ തൻവിയും കൃഷിക്കാര്യത്തിൽ ഒപ്പമുണ്ട്. കുളക്കട പഞ്ചായത്തിലെ മികച്ച കുട്ടിക്കർഷകനായി പൂവറ്റൂർ എൽ.പി സ്കൂളിലെ മൂന്നാം ക്ളാസുകാരനായ അഗ്നി ഭഗത്തിനെ തിരഞ്ഞെടുത്തിരുന്നു.

നസർബാത്ത് മഹാരാഷ്ട്ര ഇനം

 മഹാരാഷ്ട്രയിൽ വ്യാപകമായി കൃഷി ചെയ്യുന്ന പരമ്പരാഗത നെല്ലിനം

 ഔഷധ ഗുണമേറെ. വില കൂടുതലാണ്

 ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടം

 നിയാസിൻ, തയാമിൻ എന്നീ വിറ്റാമിനുകളും ധാരാളം

 ഇരുമ്പ്, ബോറോൺ, സിങ്ക് എന്നിവയും ഏറെ

ചെടിയുടെ പരമാവധി ഉയരം

6 അടി

വയലറ്റ് നെൽപ്പാടം കാണാൻ ആളുകളെത്തുന്നുണ്ട്. വിത്ത് ആവശ്യപ്പെടുന്നുമുണ്ട്. കൃഷി വ്യാപിപ്പിക്കും.

ബി.സുബിത്ത്