കാശ്മീരിൽ കേരളത്തിലെ സന്നദ്ധ സംഘടനയുടെ 1500 വീടുകൾ

Sunday 14 September 2025 2:47 AM IST

തൊടുപുഴ: ജമ്മുകാശ്മീരിൽ പാകിസ്ഥാന്റെ ആക്രമണങ്ങളിൽ വീടുകൾ നഷ്ടമായവർക്ക് കേരളത്തിലെ സന്നദ്ധസംഘടനയായ എച്ച്.ആർ.ഡി.എസ് ഇന്ത്യ 1500 വീടുകൾ സൗജന്യമായി നിർമ്മിച്ചു നൽകും. വെള്ളപ്പൊക്കത്തിലും മറ്റ് പ്രകൃതിക്ഷോഭങ്ങളിലും വീട് നഷ്ടമായവരെയും പദ്ധതിയിൽ ഉൾപ്പെടുത്തും. ജമ്മുകാശ്മീർ സർക്കാരുമായി എച്ച്.ആർ.ഡി.എസ് ഇന്ത്യ ധാരണാപത്രം ഒപ്പിട്ടു. ഒരു മാസത്തിനുള്ളിൽ നിർമ്മാണം ആരംഭിക്കും. ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കും. 150 കോടി രൂപ വിനിയോഗിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും മുൻകൈയെടുത്താണ് പദ്ധതി നടപ്പാക്കുന്നത്

ജമ്മുകാശ്മീർ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ സാന്നിദ്ധ്യത്തിൽ സർക്കാരിന് വേണ്ടി ജമ്മു ഡിവിഷണൽ കമ്മിഷണർ രമേഷ് കുമാർ, കാശ്മീർ അഡിഷണൽ കമ്മിഷണർ ആൻഷുൽ ഗാർഗ്, എച്ച്.ആർ.ഡി.എസ്. ഇന്ത്യക്ക് വേണ്ടി സ്ഥാപക സെക്രട്ടറി അജി കൃഷ്ണൻ എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.

പത്തു ലക്ഷത്തിന്റെ വീട്

#702 ചതുരശ്ര അടിയിൽ ഇരുനിലകളിലായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് 10 ലക്ഷം രൂപ വിലമതിക്കുന്ന മൂന്ന് ബെഡ്റൂം സ്മാർട്ട് വീടുകളാണ് നിർമ്മിക്കുന്നത്. ബി.എസ്.എൻ.എല്ലിന്റെ സഹകരണത്തോടെ സൗജന്യ ഇന്റർനെറ്റ് നൽകും. വീടുകൾക്ക് 30 വർഷത്തെ ഗ്യാരന്റി നൽകും. കുടുംബാംഗങ്ങൾക്ക് 15 വർഷത്തേക്ക് ലൈഫ് ഇൻഷ്വറൻസും നൽകും. പ്രധാനമന്ത്രി നിർദേശിച്ചു

#രാജ്യത്ത് ആദ്യമായാണ് യുദ്ധത്തിൽ നഷ്ടപ്പെടുന്ന വീടുകൾക്ക് പകരം വീടുകൾ നിർമ്മിച്ചു നൽകുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എച്ച്. ആർ.ഡി.എസിനോട് സുപ്രധാന ദൗത്യം നിറവേറ്റണമെന്ന് നിർദ്ദേശിച്ചത്.

``30 വർഷത്തിനിടെ എച്ച്.ആർ.ഡി.എസ് 20 സംസ്ഥാനങ്ങളിലായി സൗജന്യ ഭവന നിർമ്മാണ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്.``

-അജി കൃഷ്ണൻ,

എച്ച്.ആർ.ഡി.എസ് ഇന്ത്യ

സ്ഥാപക സെക്രട്ടറി