ജീവനൊടുക്കാൻ ശ്രമിച്ച് എൻ.എം.വിജയന്റെ മരുമകൾ
സുൽത്താൻ ബത്തേരി: കോൺഗ്രസ് നേതാക്കളുടെ നിയമനക്കോഴയ്ക്ക് ബലിയാടായ വയനാട് ഡി.സി.സി മുൻ ട്രഷറർ എൻ.എം. വിജയന്റെ മരുമകൾ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്നലെ ഉച്ചയോടെ മണിച്ചിറയിലെ വീട്ടിൽ വച്ചാണ് കൈഞരമ്പ് മുറിക്കാൻ ശ്രമിച്ചത്. സുൽത്താൻ ബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പത്മജയുടെ മുറിവ് ഗുരുതരമല്ല. വിജയന്റെ മകൻ വിജേഷിന്റെ ഭാര്യയാണ് പത്മജ.
പാർട്ടിമൂലമുണ്ടായ സാമ്പത്തിക പ്രശ്നങ്ങൾ ഒരുപാടു നാളായി സഹിക്കുന്നതായും ഇനി പിടിച്ചുനിൽക്കാനാവില്ലെന്നും പത്മജ ആശുപത്രിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. തങ്ങളെ ഇതുവരെ ആരും ഫോണിൽ ബന്ധപ്പെടുകപോലും ചെയ്തില്ല.
ഇന്നലെ ഉച്ചയോടെ ബത്തേരിയിൽ ജോലിനോക്കുന്ന സ്ഥാപനത്തിൽ നിന്ന് വീട്ടിലെത്തിയ ശേഷമായിരുന്നു ആത്മഹത്യാശ്രമം. കിടപ്പുമുറിയിൽ കയറി കൈഞരമ്പ് മുറിക്കുന്നത് മകൻ കണ്ടതോടെ സ്ഥാപനത്തിലെ ജീവനക്കാരിയെ ഫോണിൽ ബന്ധപ്പെടുകയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. പത്മജയുടെ ആത്മഹത്യാകുറിപ്പ് മകൻ പൊലീസിന് കൈമാറി. സാമ്പത്തിക ബാദ്ധ്യത കാരണമാണ് ആത്മഹത്യയ്ക്ക് തുനിഞ്ഞതെന്നാണ് പൊലീസിന് നൽകിയ മൊഴി. വിജയനുണ്ടായ സാമ്പത്തിക ബാദ്ധ്യതയുമായി ബന്ധപ്പെട്ട് കുടുംബവുമായി നേതാക്കൾ ധാരണാപത്രം തയ്യാറാക്കിയിരുന്നു. എന്നാൽ ഒന്നും പാലിച്ചില്ലെന്ന് കഴിഞ്ഞദിവസം പത്മജ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. കള്ളൻമാർ വെളളയുമിട്ട് നടക്കുകയാണെന്നും സത്യസന്ധമായി പ്രവർത്തിക്കുന്നവരെ കൊന്നൊടുക്കകയാണെന്നും ആരോപിച്ചിരുന്നു.
ഇതാ ഒരു ഇരകൂടി...
കൊലയാളി കോൺഗ്രസേ, നിനക്കിതാ ഒരു ഇരകൂടി എന്നെഴുതി അടിയിൽ ഇംഗ്ലീഷിൽ പത്മജ എന്നു രേഖപെടുത്തിയതാണ് അത്മഹത്യാക്കുറിപ്പ്. പുൽപ്പള്ളിയിൽ കോൺഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ എൻ.എം. വിജയന്റെ മരുമകളും ആത്മഹത്യയ്ക്ക് ശ്രമിച്ചത് പാർട്ടിയിൽ വലിയ ഒച്ചപ്പാടുകൾക്ക് കാരണമാകും.
നല്ലപോലെ ജീവിച്ചിരുന്ന ഞങ്ങളുടെ കുടുംബമാണ് നശിച്ചുകൊണ്ടിരിക്കുന്നത്. എനിക്ക് അനിയനും അനിയത്തിയുമാണുള്ളത്. ഞങ്ങളിനി എന്തുചെയ്യണമെന്ന് കോൺഗ്രസ് നേതൃത്വം പറയട്ടെ
- പത്മജയുടെ മകൻ വിജയ്
പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മാർച്ച്
കൽപ്പറ്റ:മുൻ ഡി.സി.സി ട്രഷറർ എൻ.എം വിജയന്റെ മരുമകൾ പത്മജയുടെ ആത്മഹത്യാശ്രമത്തിൽ രാജിയാവശ്യപ്പെട്ട് ടി.സിദ്ധിഖ് എംഎൽഎയുടെ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച് നടത്തി.ഓഫീസിലേക്ക് തള്ളി കയറാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.പൊലീസ് കേന്ദ്രീകരിച്ചതോടെ സമീപത്തെ ചില വ്യാപാരികൾ കടകളടച്ചു.പിന്നാലെ ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് ഷംസുദ്ദീന്റെ നേതൃത്വത്തിൽ പ്രവർത്തകർ ഇരച്ചെത്തി.ഏറെനേരം പൊലീസുമായി പിടിവലി നടന്നു.ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.പ്രവർത്തകരെയും നേതാക്കളെയും ആത്മഹത്യയിലേക്ക് തള്ളിവിടുന്ന മാനസികാവസ്ഥയാണ് കോൺഗ്രസ് നേതാക്കൾക്കെന്ന് ഷംസുദ്ദീൻ കുറ്റപ്പെടുത്തി.ടി സിദ്ദിഖ് എം.എൽ.എ നൽകിയ വാഗ്ദാനം പാലിക്കപ്പെടാതെയായതോടെയാണ് പത്മജ ആത്മഹത്യാശ്രമം നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.