മലയാളികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സ്ഥാപനം; ഇങ്ങനെപോയാല്‍ അടച്ചുപൂട്ടേണ്ട സ്ഥിതിയില്‍

Sunday 14 September 2025 1:30 AM IST

കിളിമാനൂര്‍: സാധാരണക്കാര്‍ക്ക് ആശ്രയവും അഭ്യസ്തവിദ്യര്‍ക്കൊരു തൊഴിലെന്ന നിലയിലും ഗ്രാമങ്ങളില്‍ ആരംഭിച്ച അക്ഷയ സെന്ററുകളുടെ നിലനില്‍പ്പ് ആശങ്കയില്‍. സര്‍വീസ് ചാര്‍ജ് വര്‍ദ്ധനവുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ അക്ഷയകേന്ദ്രങ്ങളുടെ നിലനില്‍പ്പ് പ്രതിസന്ധിയിലാകുമെന്ന് സംരംഭകര്‍. 7 വര്‍ഷം മുമ്പ് നിശ്ചയിച്ച സര്‍വീസ് ചാര്‍ജാണ് ഇപ്പോഴും ഈടാക്കുന്നത്. അക്ഷയ സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടവാടക, വൈദ്യുതി ചാര്‍ജ്, ഇന്റര്‍നെറ്റ്, ജീവനക്കാരുടെ വേതനം തുടങ്ങിയ എല്ലാ ചെലവുകളും സംരംഭകര്‍ സ്വന്തമായി വഹിക്കണം. ആധാര്‍ എന്റോള്‍മെന്റ്, ആധാറിലെ തിരുത്തലുകള്‍, പാസ്പോര്‍ട്ട് അപേക്ഷകള്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് മാത്രമാണ് ഭേദപ്പെട്ട സര്‍വീസ് ചാര്‍ജ് ലഭിക്കുന്നത്.

സര്‍വീസ് ചാര്‍ജില്ലാതെ നടത്തിക്കൊണ്ടു പോകാനാവില്ല

ഒരു സെന്ററില്‍ കുറഞ്ഞത് 5 കമ്പ്യൂട്ടര്‍, ഒരു സ്‌കാനര്‍, കളര്‍ പ്രിന്റര്‍, ഫോട്ടോസ്റ്റാറ്റ് മെഷീന്‍, സി.സി.ടി.വി തുടങ്ങിയവ നിര്‍ബന്ധമാണ്. ഇതിനെല്ലാം കുറഞ്ഞത് 12 ലക്ഷംരൂപയെങ്കിലും ചെലവുവരും.ഈ സാഹചര്യത്തില്‍ സര്‍വീസ് ചാര്‍ജില്ലാതെ അക്ഷയകേന്ദ്രങ്ങള്‍ നടത്തിക്കൊണ്ടുപോകാനാവില്ലെന്ന് സംരംഭകര്‍ പറയുന്നു.ആധാര്‍ എന്റോള്‍മെന്റിന് ഗുണഭോക്താക്കളില്‍ നിന്ന് ഫീസീടാക്കുന്നില്ല. ഓരോ എന്റോള്‍മെന്റിനും 100 രൂപ വീതം കേന്ദ്രസര്‍ക്കാരാണ് നല്‍കുന്നത്. അതുപോലെ പാസ്പോര്‍ട്ട് അപേക്ഷയ്ക്ക് 100 മുതല്‍ 200രൂപവരെയും ചാര്‍ജ് ഈടാക്കും.

മസ്റ്ററിംഗ് ചാര്‍ജ് - 30 രൂപ

പാസ്പോര്‍ട്ട് അപേക്ഷയ്ക്ക് - 100 - 200രൂപ

മസ്റ്ററിംഗിനായി യാത്ര ചെയ്യണം

കൂടുതല്‍ അപേക്ഷകരെത്തുന്നത് പെന്‍ഷന്‍ മസ്റ്ററിംഗിനാണ്. അക്ഷയകേന്ദ്രത്തില്‍ നേരിട്ടെത്തി മസ്റ്ററിംഗ് നടത്തുമ്പോള്‍ 30 രൂപയാണ് സര്‍വീസ് ചാര്‍ജ്. ഗുണഭോക്താക്കളുടെ വീടുകളിലെത്തി മസ്റ്ററിംഗ് നടത്തുന്നതിന് നിയമപ്രകാരം ഈടാക്കാവുന്നത് 50 രൂപയാണ്. ഗ്രാമീണ മേഖലയില്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്തുവേണം വീടുകളിലെത്തി മസ്റ്ററിംഗ് നടത്താന്‍. അത്തരം കേസുകളില്‍ 50 രൂപയെന്നത് തീരെ അപര്യാപ്തമാണ്. യാത്രാച്ചെലവ് തന്നെ പലമടങ്ങ് വേണ്ടിവരും.

?യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അക്ഷയ സംരംഭകര്‍ക്ക് ഓണം അലവന്‍സായി 1000രൂപ അനുവദിച്ചിരുന്നതൊഴിച്ചാല്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് യാതൊരാനുകൂല്യവും ഇതുവരെ ലഭിച്ചിട്ടില്ല.