ജോസ് നെല്ലേടത്തിന്റെ ആത്മഹത്യ; ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുക്കും
വയനാട്: കോൺഗ്രസ് നേതാവും മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് അംഗവുമായ ജോസ് നെല്ലേടം ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പൊലീസ്. ഇന്ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുക്കും. ജോസ് നെല്ലേടത്തിന്റേത് ആത്മഹത്യയെന്ന സ്ഥിരീകരണം ഉണ്ടെങ്കിലും ഇതിലേക്ക് നയിച്ച കാരണങ്ങൾ സംബന്ധിച്ചാണ് പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നത്. ജോസ് നെല്ലേടത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി രാഷ്ട്രീയ വിവാദങ്ങളും ഉയർന്നിരുന്നു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ജോസ് നെല്ലേടം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണിത്.
പെരിക്കല്ലൂരിലെ കോൺഗ്രസ് വാർഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയെന്ന ആരോപണങ്ങളെ തുടർന്ന് ജോസ് നെല്ലേടമുൾപ്പെടെയുള്ള ചില നേതാക്കൾക്കെതിരെ വ്യാപക പ്രചാരണങ്ങൾ നടന്നിരുന്നു. ഇതിൽ മനം നൊന്താണ് അദ്ദേഹം ജീവനൊടുക്കിയതെന്നാണ് സൂചന. പുറത്തു വന്ന ദൃശ്യങ്ങളിൽ, തന്റെ നിരപരാധിത്വം ജോസ് നെല്ലേടം വ്യക്തമാക്കുന്നുണ്ട്. പെരിക്കല്ലൂരിൽ മദ്യവും തോട്ടയും പിടിച്ച സംഭവത്തിൽ തെറ്റായ വിവരം ലഭിച്ചു. ഇത് മുൻകാലങ്ങളിൽ ചെയ്തതു പോലെ പൊലീസിനെ അറിയിക്കുകയാണ് ചെയ്തതെന്നാണ് ജോസ് വ്യക്തമാക്കിയത്. ഒരാളിൽനിന്ന് അനർഹമായി ഒന്നും കൈപ്പറ്റിയിട്ടില്ലെന്നും മക്കളുടെ ഭാവി നശിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വെളളിയാഴ്ച രാവിലെയാണ് ജോസ് നെല്ലേടത്തിനെ വീടിന് സമീപത്തെ കുളത്തിനടുത്ത് അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ജോസ് നെല്ലേടത്തിന്റെ മരണം വയനാട് കോൺഗ്രസിൽ സമീപകാലത്തുണ്ടായ ദുരൂഹ മരണങ്ങളുടെ തുടർച്ചയാണെന്നാണ് സിപിഎമ്മും സിപിഐയും ആരോപിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷത്തിനിടെ അഞ്ചിലേറെ കോൺഗ്രസ് പ്രവർത്തകരാണ് വിവിധ കാരണങ്ങളാൽ വയനാട്ടിൽ ജീവനൊടുക്കിയത്. വിഭാഗീയതയും സഹകരണ ബാങ്ക് തട്ടിപ്പുകളും മരണങ്ങൾക്ക് പിന്നിലുണ്ടെന്നാണ് സിപിഎം ഉയർത്തുന്ന ആരോപണം.