'രാഹുൽ യുഡിഎഫിന്റെ ഭാഗമല്ല, പ്രതിക്കൂട്ടിലുളളത് സിപിഎം; മുഖ്യമന്ത്രിയെ കൊണ്ട് സഭയിൽ മറുപടി പറയിപ്പിക്കും'

Sunday 14 September 2025 8:01 AM IST

തിരുവനന്തപുരം: ജനങ്ങളുടെ മനഃസാക്ഷിയുടെ കോടതിയിൽ യുഡിഎഫ് നടത്താൻ പോകുന്ന വിചാരണയാണ് നാളെ തുടങ്ങാൻ പോകുന്ന നിയമസഭാ സമ്മേളനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർവസജ്ജമായാണ് യുഡിഎഫ് നിയമസഭാ സമ്മേളനം നേരിടാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ട് പലകാര്യങ്ങളിലും മറുപടി പറയിപ്പിക്കുമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

'സർവസജ്ജമായാണ് യുഡിഎഫ് നിയമസഭാ സമ്മേളനത്തെ നേരിടാൻ പോകുന്നത്. കേരളത്തിന്റെ മനഃസാക്ഷിയെത്തന്നെ ഞെട്ടിച്ച ഒട്ടനവധി സംഭവങ്ങൾ ഇപ്പോഴുണ്ടായിട്ടുണ്ട്. കുന്നംകുളത്തെ കസ്​റ്റഡി മർദ്ദനം പുറത്തുവന്നപ്പോൾ തന്നെ കേരളം ഞെട്ടി. അതിനുപിന്നാലെ നിരവധി കസ്​റ്റഡി മർദ്ദനങ്ങളുടെ കഥ പുറത്തുവന്നു. പിണറായി വിജയൻ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുമ്പോൾ കേരള പൊലീസ് ജനങ്ങളെ നാണം കെടുത്തുന്ന നടപടികളാണ് സ്വീകരിക്കുന്നത്. ഒട്ടകപക്ഷി മണ്ണിൽ തല പൂഴ്ത്തി വച്ചിരിക്കുകയാണ്. അതുപോലെയാണ് മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇതുവരെയായിട്ടും പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിയെ കൊണ്ട് ഞങ്ങൾ നിയമസഭയിൽ മറുപടി പറയിക്കും.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി ബന്ധപ്പെട്ട് ഞങ്ങൾക്കുമുന്നിൽ ഒരു ആരോപണം വന്നു. ആ സമയത്ത് അയാൾക്കെതിരെ ഔദ്യോഗികമായി ഒരു പരാതിയും വന്നിരുന്നില്ല. ഞങ്ങൾ കൂടിയാലോചിച്ചാണ് രാഹുലിനെ യൂത്ത്‌കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വയ്പ്പിച്ചത്. പാർട്ടിയിൽ നിന്നും പാർലമെന്ററി പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. രാഹുൽ ഞങ്ങളുടെ പാർലമെന്ററി പാർട്ടിയുടെ ഭാഗമല്ല. എന്നാൽ സിപിഎം എന്താണ് ചെയ്തത്. പീഡനക്കേസിലെ പ്രതികൾ ഇപ്പോഴും എംഎൽഎമാരായും മന്ത്രിമാരായും തുടരുകയാണല്ലോ? ഞങ്ങളാണ് സ്ത്രീകളെ സംരക്ഷിക്കാനായി അഭിമാനത്തോടെ നിലപാടെടുത്തത്. പ്രതിക്കൂട്ടിൽ സിപിഎമ്മാണ്.

രാഹുലുമായി ബന്ധപ്പെട്ട വിഷയത്തിൽ എനിക്ക് വിഷമമുണ്ട്. ഞാൻ ആരുടെയും പിന്തുണ ആഗ്രഹിച്ചല്ല യുവനേതാക്കളെ പാർട്ടിയിലേക്ക് കൊണ്ടുവന്നത്. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ ഞങ്ങളുടെ ഭാഗമല്ല. രാഹുലിനെതിരായ നടപടി നേതൃത്വത്തിന്റെ ബോധ്യത്തിൽ നിന്നാണുണ്ടായത്. നടിക്കെതിരെ സൈബർ ആക്രമണത്തിൽ കോൺഗ്രസ് പങ്കാളികളല്ല. ജനങ്ങളുടെ മനഃസാക്ഷിയുടെ കോടതിയിൽ ഞങ്ങൾ നടത്താൻ പോകുന്ന വിചാരണയാണ് നിയമസഭ. ഞങ്ങൾ ജനങ്ങളുടെ അഭിഭാഷകരാണ്'- വിഡി സതീശൻ പറഞ്ഞു.