'ഒത്തുതീർപ്പ് ചർച്ചയ്‌ക്കില്ല; മുഖ്യമന്ത്രിക്ക് പരാതി നൽകും', കോൺഗ്രസിനെ വിശ്വസിക്കില്ലെന്ന് എൻ എം വിജയന്റെ മരുമകൾ

Sunday 14 September 2025 8:44 AM IST

സുൽത്താൻബത്തേരി: ഇനി കോൺഗ്രസിനെ വിശ്വസിക്കില്ലെന്ന് വയനാട് മുൻ ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരുമകൾ പത്മജ. കെപിസിസി നേതൃത്വം നൽകിയ ഉറപ്പുകൾ പാലിക്കാത്തതിനെ തുടർന്ന് ഇന്നലെ പത്മജ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. പാർട്ടി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എൻ എം വിജയനുണ്ടായ ബാദ്ധ്യതകളെല്ലാം ജൂൺ മുപ്പതിനകം തീർക്കാമെന്ന തരത്തിൽ പാർട്ടിയുമായി ധാരണാപത്രം ഉണ്ടാക്കിയെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ലെന്നായിരുന്നു പത്മജയുടെ ആരോപണം.

ഇനി ഒത്തുതീർപ്പ് ചർച്ചയ്ക്കില്ലെന്നാണ് പത്മജ മാദ്ധ്യമങ്ങളോട് പറഞ്ഞത്. 'കോൺഗ്രസ് നേതൃത്വം വഞ്ചിച്ചതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകും. വീടിന്റെ ആധാരം എടുത്ത് നൽകിയില്ല. ഫോൺ വിളിച്ചാൽ പോലും നേതാക്കൾ എടുക്കില്ല. കരാർ പ്രകാരം ഇനി അഞ്ച് ലക്ഷം തരാനുണ്ട്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ടി സിദ്ദിഖും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. അക്കാര്യത്തിൽ ആദ്യം വ്യക്തത വരണം'- പത്മജ പറഞ്ഞു.

ഇന്നലെ ഉച്ചയോടെയാണ് പുൽപ്പള്ളിയിലെ വീട്ടിൽവച്ച് പത്മജ ജീവനൊടുക്കാൻ ശ്രമിച്ചത്. 'കൊലയാളി കോൺഗ്രസ് നിനക്കിതാ ഒരു ഇരകൂടി' എന്നെഴുതിയ പത്മജയുടെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിരുന്നു.

ഭർത്താവ് വിജേഷിന് അസുഖം വന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് ബുദ്ധിമുട്ടിലായിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. ആശുപത്രിയിലെ ബില്ലടക്കാമെന്ന് പറഞ്ഞ തുകപോലും നൽകിയില്ല. പി വി അൻവറിനെ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം ആശുപത്രിയിൽ വിളിച്ചുപറഞ്ഞിട്ടാണ് ഡിസ്ചാർജായി പോരാൻ സാധിച്ചത്. ആശുപത്രിയിൽ നിന്നെത്തിയശേഷം പാർട്ടിയുമായി ഉണ്ടാക്കിയ ധാരണാപത്രം വാങ്ങാൻ അഭിഭാഷകന്റെ ഓഫീസിലെത്തിയെങ്കിലും ലഭിച്ചില്ല.

ധാരണാപത്രം പാർട്ടി പ്രസിഡന്റ് പഠിക്കാൻ വാങ്ങിയെന്നാണ് കൽപ്പറ്റ എംഎൽഎ പറഞ്ഞത്. കോൺഗ്രസ് പാർട്ടിയോടുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. സത്യസന്ധമായി പ്രവർത്തിക്കുന്നവരെ കോൺഗ്രസ് ഇല്ലാതാക്കുകയാണ്. കള്ളൻമാർ വെള്ളയുമിട്ട് നടക്കുന്നു. തങ്ങൾ താമസിക്കുന്ന വീടിരിക്കുന്ന സ്ഥലംപോലും ബാങ്കിൽ പണയത്തിലാണെന്നും പത്മജ നേരത്തെ പറഞ്ഞിരുന്നു.