ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചു; കണ്ണൂരിൽ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
കണ്ണൂർ: ടേക്ക് ഓഫിനിടെ പക്ഷിയിടിച്ചതിനെ തുടർന്ന് കണ്ണൂരിൽ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. കണ്ണൂർ- അബുദാബി വിമാനമാണ് തിരിച്ചിറക്കിയത്. ടേക്ക് ഓഫിനിടെ ഒരു പക്ഷി വിമാനത്തിൽ ഇടിക്കുകയായിരുന്നു. വിമാനത്താവളത്തിലെ ബേയിലേക്ക് മാറ്റിയ വിമാനത്തിന്റെ സാങ്കേതിക പ്രശ്നങ്ങൾ പരിശോധിച്ചു. കേടുപാടൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഞായറാഴ്ച രാവിലെ 6.30ന് പുറപ്പെട്ട വിമാനത്തിലാണ് പക്ഷിയിടിച്ചത്. ഏകദേശം 45 മിനിറ്റോളം ആകാശത്ത് വട്ടമിട്ടു പറന്ന് ഇന്ധനം കുറച്ച ശേഷമാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത്. 180 ഓളം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഷാർജയിൽ നിന്ന് കണ്ണൂരിലേക്ക് എത്തുന്ന വിമാനത്തിൽ ഇവരെ അബുദാബിയിലേക്ക് എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, അവസാന നിമിഷം എയർ ഇന്ത്യ മസ്കറ്റ് വിമാനം റദ്ദാക്കിയതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു. യാത്ര പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപാണ് വിമാനം റദ്ദാക്കിയതായി വിവരം ലഭിച്ചത്. യാത്രക്കാർ ബോർഡിംഗിന് എത്തുന്ന സമയത്താണ് റദ്ദാക്കിയ വിവരം യാത്രക്കാർ അറിയുന്നത്. എന്നാൽ എന്ത് കാരണത്താൽ ആണ് വിമാനം റദ്ദാക്കിയതെന്ന് അധികൃതർ അറിയിച്ചിട്ടില്ല.
ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 7.30ന് പുറപ്പെടേണ്ട എയർ ഇന്ത്യ മസ്കറ്റ് വിമാനമാണ് അവസാന നിമിഷം റദ്ദാക്കിയത്. ഇന്നത്തെ ടിക്കറ്റുകൾ 17ലേക്ക് മാറ്റിയെന്നാണ് എയർ ഇന്ത്യ അധികൃതർ അറിയിച്ചിരിക്കുന്നത്. എന്നാൽ യാത്രക്കാരിൽ പലർക്കും നാളെ ജോലിയിൽ പ്രവേശിക്കേണ്ടതുണ്ടായിരുന്നു. തുടർന്നാണ് എയർപോർട്ടിൽ പ്രതിഷേധിച്ചത്.