ഇന്ത്യ -പാക് ഏഷ്യാ കപ്പ് മത്സരത്തിൽ നിന്ന് അകലം പാലിച്ച് ബിസിസിഐ, ഒന്നും മിണ്ടാതെ മത്സരം ബഹിഷ്കരിച്ച് ഐസിസി തലവൻ

Sunday 14 September 2025 1:37 PM IST

ദുബായ്: ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന മത്സരങ്ങളിൽ ഒന്നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത്. ലോകത്ത് എവിടെ നടന്നാലും ഇരു രാജ്യങ്ങളും തമ്മിലുള്ള പോരാട്ടം കാണാൻ എപ്പോഴും വലിയ തിക്കും തിരക്കുമുണ്ടാകുന്ന കാഴ്ച കൗതുകമുണർത്താറുണ്ട്. എന്നാൽ ഇത്തവണത്തെ ഏഷ്യകപ്പിൽ സ്ഥിതി അൽപ്പം വ്യത്യസ്തമായിട്ടാണ് കാണുന്നത്. മത്സരത്തിന്റെ ടിക്കറ്റു വിൽപ്പനയും കുറവാണെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ - പാക് മത്സരത്തിന്റെ ടിക്കറ്റുകൾ നിമിഷങ്ങൾക്കുള്ളിൽ വിറ്റുപോയപ്പോൾ ഇത്തവണത്തെ ടിക്കറ്റ് വിൽപ്പനയും സാവധാനത്തിലാണ്.

ബിസിസിഐ മത്സരവുമായി മുന്നോട്ട് പോകുന്നതിൽ ആരാധകരും അതൃപ്തരാണ്. പലരും ബഹിഷ്‌കരണ ആഹ്വാനങ്ങൾ നടത്തിയിട്ടുണ്ട്. മത്സരവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാൻ ജയ് ഷായോ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയോ അടക്കമുള്ളവർ ഇന്ന് ദുബായിൽ നടക്കാനിരിക്കുന്ന ഇന്ത്യ-പാക് മത്സരം നേരിൽ കാണാൻ സാദ്ധ്യതയില്ലെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ എക്സിക്യൂട്ടീവ് ബോർഡ് അംഗം എന്ന നിലയിൽ ആക്ടിംഗ് പ്രസിഡന്റ് രാജീവ് ശുക്ല മാത്രമേ മത്സരം കാണാൻ എത്തുകയുള്ളുവെന്നാണ് വിവരം. ഇന്ത്യയിലായിരുന്നു ഇത്തവണത്തെ ഏഷ്യകപ്പ് ടൂർണമെന്റ് മുഴുവനായും നടക്കേണ്ടിയിരുന്നത്. എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർ‌ഡ് ഇന്ത്യയിൽ മത്സരങ്ങൾ നടത്താൻ വിസമ്മതിച്ചതിനെത്തുടർന്നായിരുന്നു യുഎഇയിലേക്ക് മാറ്റിയത്. അടുത്തവ‌‌ർഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യാ പാക് മത്സരവും ശ്രീലങ്കയിലാണ് നടക്കുക. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ-പാകിസ്ഥാൻ ഏഷ്യാ കപ്പ് മത്സരം ബഹിഷ്‌കരിക്കാൻ സമൂഹമാദ്ധ്യമങ്ങളിൽ അടക്കം കടുത്ത ആഹ്വാനങ്ങളാണ് ഉയർ‌ന്നു കേൾക്കുന്നത്. എന്നാൽ മത്സരം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി.

പഹൽഗാം ഭീകരാക്രമണത്തിന്റെ പേരിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരം റദ്ദാക്കാൻ ഒരു വിഭാഗം നിയമ വിദ്യാർത്ഥികളാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്, എന്നാൽ കോടതി ഹർജി നിരസിക്കുകയും മത്സരം ഷെഡ്യൂൾ ചെയ്തതുപോലെ നടക്കണമെന്ന് ഉത്തരവിടുകയും ചെയ്തു. അതേസമയം ഇന്ത്യ പാകിസ്ഥാനുമായി ദ്വിരാഷ്ട്ര കായിക മത്സരങ്ങൾ കളിക്കില്ലെന്ന് കേന്ദ്ര കായിക മന്ത്രാലയം ഓഗസ്റ്റിൽ അറിയിച്ചിരുന്നു. എന്നാൽ ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യ– പാകിസ്ഥാൻ മത്സരം ഇതിൽ ഉൾപ്പെടില്ലെന്നും കേന്ദ്ര കായികമന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര ഒളിമ്പിക് നിയമങ്ങൾ പാലിച്ച് ഏഷ്യാ കപ്പ് പോലുള്ള രണ്ടിലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റുകൾക്ക് പാകിസ്ഥാനുമായി മത്സരിക്കുന്നതിനു തടസ്സങ്ങളില്ലെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.