കളരി പഠിച്ച് തുടങ്ങിയത് മൂന്നാം വയസിൽ, തുടക്കം 'ബാഹുബലി'യിൽ; നിസാരക്കാരിയല്ല ഈ 'കുഞ്ഞുനീലി'
മലയാള സിനിമ കണ്ട വ്യത്യസ്തമായ ഒരു ചിത്രം തന്നെയാണ് ലോക: ചാപ്ടർ 1: ചന്ദ്ര. അടുത്തിടെയാണ് ചിത്രം 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. സൂപ്പർ താരങ്ങൾ മത്സരിച്ച് അഭിനയിച്ച ചിത്രത്തിൽ ഏറെ ശ്രദ്ധനേടിയ ബാലതാരമാണ് ദുർഗ വി വിനോദ്. കല്യാണി പ്രിയദർശന്റെ കഥാപാത്രമായ ചന്ദ്രയുടെ കുട്ടിക്കാലം അവതരിപ്പിച്ച ദുർഗയുടെ ആക്ഷൻ രംഗങ്ങൾക്ക് തിയേറ്ററിൽ മുഴങ്ങിയ കെെയടി വളരെ വലുതാണ്. സിനിമ കണ്ടശേഷം ഏറ്റവും കൂടുതൽ ആളുകൾ തെരഞ്ഞതും ഈ കുഞ്ഞുനീലിയെയാണ്.
തൃശൂർ പുതുരുത്തി സ്വദേശിയാണ് ദുർഗ. സ്റ്റണ്ട് മാസ്റ്ററും ആക്ഷൻ കൊറിയോഗ്രാഫറുമായ വിനോദ് പ്രഭാകരന്റെയും മർമ്മ ചികിത്സകൾ ചെയ്യുന്ന ഭദ്ര വിനോദിന്റെയും ഇളയമകളാണ്. പ്ലസ് വണിൽ പഠിക്കുന്ന വൈഷ്ണവ് വിനോദാണ് സഹോദരൻ. മൂന്ന് വയസ് മുതൽ കളരി അഭ്യസിക്കുന്ന ദുർഗയുടെ ഗുരു അച്ഛൻ തന്നെയാണ്. കളരിയ്ക്ക് പുറമേ കരാട്ടെ, കുങ്ഫു തുടങ്ങിയ ഇനങ്ങളും ഇന്ന് ദുർഗയുടെ കെെപിടിയിലൊതുങ്ങും. തന്റെ സിനിമാ വിശേഷങ്ങളെ കുറിച്ച് കേരളകൗമുദി ഓൺലെെനോട് സംസാരിക്കുകയാണ് ദുർഗ.
ലോകയിലേക്ക് എത്തിയത്
അച്ഛന്റെ സുഹൃത്തായ ആഷ്ലി അങ്കിളാണ് എന്റെ മാർഷ്യൽ ആർട്സിന്റെ ഒരു വീഡിയോ ലോക ടീമിന് ആദ്യം കാണിക്കുന്നത്. പിന്നാലെ ഓഡിഷന് വിളിച്ചു. അവിടെ കാസ്റ്റിംഗ് ഡയറക്ടർ വിവേക് സാർ, തിരക്കഥാകൃത്ത് ശാന്തി ചേച്ചി എന്നിവർ ഉണ്ടായിരുന്നു. ഓഡിഷൻ സമയത്ത് ചില ഭാഗങ്ങളും ആക്ഷനും ചെയ്തു. പിന്നീട് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് ലോകയിൽ സെലക്ട് ചെയ്തുവെന്ന് പറഞ്ഞ് വിളിച്ചത്. സെലക്ട് ആയ സമയത്ത് സിനിമയുടെ കഥ അറിയില്ലായിരുന്നു. പിന്നെയാണ് കഥ പറഞ്ഞു തന്നത്.
ഇഷ്ടം കളരിയോട്
മൂന്നാം വയസ് മുതലാണ് കളരി പഠിച്ച് തുടങ്ങിയത്. വീട്ടിൽ കാളികാ കളരിസംഘം പ്രവർത്തിക്കുന്നുണ്ട്. ചെറുപ്പം മുതൽ അച്ഛൻ ഇതിനെക്കുറിച്ച് പറഞ്ഞുതരുമായിരുന്നു. വീട്ടിലുള്ള എല്ലാവർക്കു കളരിയുമായി ബന്ധമുണ്ട്. അച്ഛനും അമ്മയും അച്ഛമ്മയും ഏട്ടനുമെല്ലാം കളരിയുമായി ബന്ധപ്പെട്ട് നിൽക്കുന്നത് കൊണ്ട് തന്നെ ഇതിനോടുള്ള ഇഷ്ടം ഏറെയാണ്. എന്റെ ചെറിയച്ഛൻ ഇതുപോലെ ബംഗളൂരിൽ കളരി ക്ലാസുകൾ എടുക്കാറുണ്ട്. അച്ഛൻ സിനിമയിൽ ഡ്യൂപ്പ് ചെയ്യുമായിരുന്നു. മൂന്നരവയസിൽ ബാഹുബലി 2വിന്റെ ഓഡിയോ ലോഞ്ചിലായിരുന്നു ആദ്യ സ്റ്റേജ്.
സ്കൂളിലേക്ക് തിരിച്ചെത്തിയപ്പോൾ
ജി യുപിഎസ് പുതുരുത്തി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ഞാൻ. അവിടത്തെ ടീച്ചർമാർ വളരെ നല്ലവരാണ്. എന്നെ ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുണ്ട്. ഷൂട്ടിംഗിന്റെ സമയത്ത് കുറച്ച് ക്ലാസുകൾ മിസ് ചെയ്തിരുന്നു. ആ സമയത്തെ നോട്ടുകളെല്ലാം കൂട്ടുകാരും ടീച്ചർമാരും തന്ന് വളരെയധികം സഹായിച്ചിരുന്നു. എല്ലാവരും നല്ല സുഹൃത്തുക്കളാണ്. സിനിമ ഇറങ്ങിയ സമയത്ത് ആദ്യം സ്വീകരണം തന്നത് സ്കൂളിൽ നിന്നായിരുന്നു. അതിൽ ഏറെ അഭിമാനവും സന്തോഷവും ഉണ്ട്.
അനുഭവം
സിനിമയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു. എല്ലാവരും നല്ല സപ്പോർട്ടും കെയറിംഗും ആയിരുന്നു. നിമിഷ് അങ്കിൾ, ശാന്തി ചേച്ചി. ഡൊമിനിക് അരുൺ സാർ എല്ലാവരും നല്ല സപ്പോർട്ട് ആയിരുന്നു.
സിനിമയ്ക്ക ശേഷം
സിനിമ വിജയിച്ചശേഷം ഒരുപാട് പേർ ഇൻസ്റ്റഗ്രാമിലും വാട്സാപ്പിലും മെസേജ് അയച്ചു. ദുൽഖർ സാർ വിളിച്ച് 'ഞാനും അമ്മുവിന്റെ ഫാനായി' എന്ന് പറഞ്ഞിരുന്നു. അത് കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. കല്യാണി ചേച്ചി ഇപ്പോഴും മെസേജുകൾ അയക്കും. ദർശന, സണ്ണി വെയ്ന്, ചന്തു ചേട്ടൻ, നസ്‌ലിൻ ചേട്ടൻ, വിവേക് അങ്കിൾ, അന്ന ബെൻ മാഡം, ടൊവിനോ സാർ എന്നിവരെല്ലാം വിളിച്ച് അഭിനന്ദിച്ചു. സംവിധായകൻ ഡൊമിനിക് അരുൺ സാർ നല്ല ഉപദേശം തന്നിരുന്നു. അതുപോലെ തന്നെയാണ് ശാന്തി ചേച്ചിയും എന്നെ ഒരുപാട് സപ്പോർട്ട് ചെയ്തു. തെലുങ്കിൽ നിന്നും തമിഴിൽ നിന്നുവരെ അഭിനന്ദിച്ച് മേസേജുകൾ വന്നിരുന്നു.
ഒരുപാട് ഓഫറുകൾ
ലോകയ്ക്ക് ശേഷം തമിഴിൽ നിന്ന് അടക്കം സംവിധായകർ വിളിക്കുന്നുണ്ട്. ലോക കണ്ടിട്ടാണ് വിളിക്കുന്നത്. പഠനം മുടക്കാത്ത രീതിയിൽ അഭിനയവും കൂടെ കൊണ്ട് പോകണമെന്നാണ് എന്റെ ആഗ്രഹം. ആക്ഷൻ കൂടിയുള്ള സിനിമകൾ ചെയ്യാനാണ് എനിക്ക് ഇഷ്ടം. അങ്ങനെയുള്ള സിനിമകൾ വന്നാൽ ചെയ്യും. മോഹൻലാൽ സാറിനൊപ്പവും മമ്മൂട്ടി സാറിനൊപ്പവും അഭിനയിക്കണമെന്നാണ് ആഗ്രഹം. ഇനിയും കുറെ നല്ല സിനിമകളുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തണമെന്നുണ്ട്.