ആഹാരത്തിനുൾപ്പെടെയുള്ള ചെലവിനായി യുഎഇ സർക്കാർ ഇനി അലവൻസ് നൽകും; അപേക്ഷിക്കേണ്ടതിങ്ങനെ

Sunday 14 September 2025 3:17 PM IST

അബുദാബി: ജീവിതച്ചെലവുകൾ ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തെ പൗരന്മാരെ സഹായിക്കുന്നതിനായി യുഎഇ നടപ്പിലാക്കുന്ന പദ്ധതിയാണ് ഇൻഫ്ളേഷൻ അലവൻസ് സ്‌കീം (പണപ്പെരുപ്പ അലവൻസ് പദ്ധതി). കുടുംബങ്ങൾക്ക് മാസം സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണിത്. 2022ലാണ് ഇത് ആദ്യമായി നടപ്പിലാക്കിയത്. ഈ വർഷമാദ്യം പദ്ധതി പുനഃക്രമീകരിച്ചു. 25,000 ദിർഹത്തിൽ താഴെ വരുമാനമുള്ള കുടുംബങ്ങൾക്കാണ് അലവൻസ് നൽകുന്നത്. ഇന്ധനച്ചെലവ്, ആഹാരം, വൈദ്യുതി, വെള്ളം എന്നിവയുടെ ചെലവുകൾ അലവൻസിൽ ഉൾപ്പെടും.

ആർക്കൊക്കെ അപേക്ഷിക്കാം?

  • പ്രാഥമിക ഉപഭോക്താവിന് തൊഴിൽ ഉണ്ടായിരിക്കണം. ഇയാൾക്ക് ഇൻഷുറൻസോ പെൻഷനോ ഉണ്ടായിരിക്കണം. വിരമിച്ചയാൾക്കും അപേക്ഷിക്കാം. പിതാവിനെയാണ് പ്രാഥമിക ഉപഭോക്താവായി കണക്കാക്കുന്നത്. തൊട്ടടുത്ത സ്ഥാനം മാതാവിനും മൂത്ത കുട്ടിക്കുമാണ്.
  • 21 വയസ് തികഞ്ഞിരിക്കണം.
  • മാസ കുടുംബവരുമാനം 25,000 ദിർഹത്തിൽ കുറവായിരിക്കണം.
  • അലവൻസിൽ ഉൾപ്പെടുന്ന കുട്ടികളുടെ പ്രായം 21 കവിയരുത്.
  • 60 വയസിന് മുകളിലുള്ളവർക്ക് ഇളവ് ലഭിക്കും.
  • 45 വയസിന് മുകളിൽ പ്രായമുള്ള വിധവകൾക്കും വിവാഹമോചിതരായ സ്ത്രീകൾക്കും ഇളവ് ഉണ്ട്.
  • 21 വയസിന് താഴെ പ്രായമുള്ള മക്കളുള്ള, 45 വയസിന് മുകളിൽ പ്രായമുള്ള വിധവകൾക്കും വിവാഹമോചിതരായ സ്ത്രീകൾക്കും ഇളവ് ലഭിക്കും.

അലവൻസ്

  • 900 ദിർഹം വരെയാണ് ഇന്ധന അലവൻസ്.
  • 500 ദി‌ർഹം വരെ ആഹാരത്തിന് ലഭിക്കും
  • 400 ദി‌ർഹം വരെ വൈദ്യുതി, വെള്ളം എന്നിവയ്ക്കുള്ള അലവൻസ്

എങ്ങനെ ലഭിക്കും

  • ഇന്ധന, ഭക്ഷണ അലവൻസുകൾ പ്രതിമാസം എമിറേറ്റ്സ് ഐഡി കാർഡിൽ ക്രെഡിറ്റ് ചെയ്യപ്പെടും.
  • വൈദ്യുതി, വെള്ളം അലവൻസ് പ്രതിമാസ ബില്ലിൽ നിന്ന് നേരിട്ട് കുറയ്ക്കും.
  • ഉപയോഗിക്കാത്ത തുക അടുത്ത മാസത്തേക്ക് മാറ്റിവയ്ക്കാൻ കഴിയില്ല.

എങ്ങനെ അപേക്ഷിക്കാം

  • യുഎഇ പാസ്/ ഡിജിറ്റൽ ഐഡി ഉപയോഗിച്ച് സമൂഹ ശാക്തീകരണ വകുപ്പിന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
  • ആവശ്യമുള്ള രേഖകൾക്കൊപ്പം ആപ്ളിക്കേഷൻ സമർപ്പിക്കണം.
  • പത്ത് ദിവസത്തിനുശേഷം മറുപടി ലഭിക്കും.