രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയിൽ ഇനി പ്രത്യേക ബ്ളോക്ക്; തീരുമാനം വി ഡി സതീശൻ ആവശ്യപ്പെട്ടതനുസരിച്ച്
തിരുവനന്തപുരം: ലൈംഗികാരോപണം നേരിട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയിൽ ഇനി പ്രത്യേക ബ്ളോക്ക്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സ്‌പീക്കർ എ എൻ ഷംസീർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. സഭയിൽ വരുന്നതിനെക്കുറിച്ച് തീരുമാനിക്കേണ്ടത് രാഹുലാണ്. ഇതുവരെ അവധി അപേക്ഷ ലഭിച്ചിട്ടില്ലെന്നും സ്‌പീക്കർ പറഞ്ഞു. എട്ടുബില്ലുകൾ അടക്കമുള്ളവയുടെ നിയമ നിർമാണത്തിന് മാത്രമായി ചേരുന്ന 12 ദിവസത്തെ സഭാസമ്മേളനം നാളെയാണ് ആരംഭിക്കുന്നത്.
ആരോപണം ഉയർന്നതിന് പിന്നാലെ രാഹുൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് രാജി വച്ചിരുന്നു. പാർട്ടിയിൽ നിന്നും പാർലമെന്ററി പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ തങ്ങളുടെ ഭാഗമല്ലെന്നും രാഹുലിനെതിരായ നടപടി നേതൃത്വത്തിന്റെ ബോധ്യത്തിൽ നിന്നാണുണ്ടായതെന്നും വി ഡി സതീശൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി ബന്ധപ്പെട്ട് തങ്ങൾക്കുമുന്നിൽ ഒരു ആരോപണം വന്നു. ആ സമയത്ത് അയാൾക്കെതിരെ ഔദ്യോഗികമായി ഒരു പരാതിയും വന്നിരുന്നില്ല. തങ്ങൾ കൂടിയാലോചിച്ചാണ് രാഹുലിനെ യൂത്ത്‌കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വയ്പ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവനടിയുടെ മൊഴിയിൽ നിയമോപദേശം തേടാൻ ഒരുങ്ങുകയാണ് ക്രെെംബ്രാഞ്ച്. വെളിപ്പെടുത്തലിൽ ഉറച്ചുനിന്ന നടി രാഹുൽ അയച്ച മെസേജുകളുടെ സ്ക്രീൻഷോട്ട് ക്രെെംബ്രാഞ്ചിന് നൽകിയിരുന്നു. തെളിവുകൾ കെെമാറിയെങ്കിലും നിയമനടപടിക്ക് താൽപര്യമില്ലെന്നാണ് നടി അറിയിച്ചത്. കൂടാതെ രാഹുലിനെതിരെ ആരോപണം ഉന്നയിച്ച മറ്റ് രണ്ട് സ്ത്രീകളും നിയമപരമായി നീങ്ങില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് രാഹുലിനെതിരെ കേസെടുക്കാൻ ക്രെെംബ്രാഞ്ച് കൂടുതൽ നിയമവശം പരിശോധിക്കുന്നത്.