'ജോലിയില്ലാത്ത യുവാവിനെ വിവാഹം ചെയ്യാൻ തയ്യാർ, രാജാവിനെപ്പോലെ നോക്കാം'; കോടീശ്വരിയായ ബിഗ്ബോസ് താരം
തങ്ങളുടെ ഭർത്താവിന് വലിയ ജോലിയും പണവും വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്ക യുവതികളും. എന്നാൽ ജോലി ഇല്ലാത്ത ഒരാളെ കല്യാണം കഴിക്കാൻ തയ്യറാണെന്ന് പറയുന്ന ഒരു കോടീശ്വരിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഗ്വാളിയോറിൽ നിന്നുള്ള സംരംഭകയായ തന്യ മിത്തൽ എന്ന യുവതിയാണ് ഇക്കാര്യം പറഞ്ഞത്.
കോടീശ്വരിയായ ഇവർ ഹിന്ദി ബിഗ് ബോസ് 19 സീസണിലെ മത്സരാർത്ഥിയാണ്. ഒരു സംരംഭക മാത്രമല്ല സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ കൂടിയാണ്. അടുത്തിടെ ബിഗ്ബോസിൽ തന്യ നടത്തിയ ചില പ്രസ്താവനകൾ ഏറെ ചർച്ചയായിരുന്നു. 800 സാരിയും 50 കിലോ ആഭരണങ്ങളും കൊണ്ടാണ് താൻ ബിഗ്ബോസിലേക്ക് വന്നതെന്നാണ് തന്യ പറഞ്ഞത്. ഇതിനിടെയാണ് തന്യയുടെ പഴയൊരു അഭിമുഖം വീണ്ടും വെെറലായത്. ജോലിയില്ലാത്ത ഒരാളെ വിവാഹം കഴിക്കാൻ തയ്യാറാണെന്നാണ് അവർ അതിൽ പറയുന്നത്.
'ഞാൻ ആഗ്രഹിക്കുന്ന പോലൊരു പുരുഷൻ ഈ ലോകത്തുണ്ടോയെന്ന് എനിക്കറിയില്ല. ജോലിയില്ലാത്ത ആളെ പോലും വിവാഹം ചെയ്യാൻ എനിക്ക് മടിയില്ല. അദ്ദേഹത്തിന്റെ കാലുകൾ അമർത്തിക്കൊടുക്കുന്നതിലും പൊതുസ്ഥലത്ത് വച്ച് അദ്ദേഹത്തിന്റെ കാലിൽ തൊടുന്നതിനും എനിക്ക് മടിയില്ല. ആ ബന്ധത്തിൽ ഞാൻ വളരെയധികം വിശ്വസിക്കുന്നുണ്ട്. ഞാൻ ഒരു ബന്ധത്തിലായിരുന്നപ്പോൾ എന്റെ കാമുകൻ ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ കെെ തുടയ്ക്കാൻ ടവൽ എടുത്ത് കൊടുക്കുമായിരുന്നു. അപ്പോൾ എന്റെ ഭർത്താവിനും ഞാൻ അതെല്ലാം ചെയ്തു കൊടുക്കും.
എന്റെ ഭർത്താവിന് ഒരു രാജാവിനെ പോലെ തോന്നണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. പണക്കാരനെ വിവാഹം ചെയ്യാൻ എനിക്ക് ആഗ്രഹമില്ല. എനിക്ക് മൂന്ന് ഫാക്ടറിയുണ്ട്. ആവശ്യത്തിന് പണമുണ്ട്. ഇതിനെല്ലാം പുറമെ എനിക്ക് വേണ്ടി ഒരാൾ സമ്പാദിക്കണമെന്ന് ആഗ്രഹിക്കാൻ പാടില്ല. ഭർത്താവിന് വേണ്ടി ഞാൻ സമ്പാദിക്കുകയും ഭക്ഷണം പാചകം ചെയ്യുകയും ചെയ്യാം. വീട്ടുജോലികളെല്ലാം എനിക്ക് ചെയ്യാനറിയാം. ഫെമിനിസത്തിന്റെ പേരിൽ നമ്മൾ നമ്മുടെ ഭർത്താക്കന്മാരെ മറികടക്കാൻ തുടങ്ങിയെന്ന് തോന്നുന്നു. അത് പാടില്ല'- തന്യ വ്യക്തമാക്കി.