മികച്ച പച്ചത്തുരുത്തുകള്‍ക്ക് മുഖ്യമന്ത്രിയുടെ പുരസ്‌കാരം: പ്രഖ്യാപനം തിങ്കളാഴ്ച

Sunday 14 September 2025 6:53 PM IST

ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തു സ്ഥാപിച്ച പച്ചത്തുരുത്തുകളില്‍ മികച്ചവയെ കണ്ടെത്തുന്നതിനുള്ള സ്‌ക്രീനിംഗ് തിരുവനന്തപുരത്ത് പൂര്‍ത്തിയായി. പുരസ്‌കാര പ്രഖ്യാപനം തിങ്കളാഴ്ച (സെപ്റ്റംബര്‍15) തിരുവനന്തപുരത്തു നടത്തുമെന്ന് നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്ററും ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണുമായ ഡോ. ടി.എന്‍.സീമ അറിയിച്ചു. പുരസ്‌കാര വിതരണം സെപ്റ്റംബര്‍16വൈകന്നേരം6ന് തിരുവനന്തപുരത്ത് വഴുതക്കാടുള്ള ടാഗോര്‍ തിയേറ്ററില്‍ നടക്കും. ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ കെ. എന്‍. ബാലഗോപാല്‍,വി. ശിവന്‍കുട്ടി,ജി. ആര്‍.അനില്‍,ജന പ്രതിനിധികള്‍,വകുപ്പ് മേധാവികള്‍,പരിസ്ഥിതി ശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പുരസ്‌കാര ജേതാക്കളുടെ അവതരണം ചൊവ്വാഴ്ച രാവിലെ10മുതല്‍ ടാഗോര്‍ തീയേറ്ററില്‍ നടക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍,സ്‌കൂളുകള്‍,കോളേജുകള്‍,മറ്റ് സ്ഥാപനങ്ങള്‍,ദേവഹരിതം പച്ചത്തുരുത്ത്,മുളംതുരുത്ത്,കണ്ടല്‍ പച്ചത്തുരുത്ത്,കാവുകള്‍ എന്നീ വിഭാഗങ്ങളിലായി145പച്ചത്തുരുത്തുകളാണ് സ്‌ക്രീനിംഗില്‍ പങ്കെടുത്തത്. ഓരോ വിഭാഗങ്ങളിലും മികച്ച പച്ചത്തുരുത്തുകള്‍ പ്രഖ്യാപിക്കും. പങ്കെടുത്ത എല്ലാവര്‍ക്കും ഉപഹാരവും സര്‍ട്ടിഫിക്കറ്റും നല്‍കും. പുരസ്‌കാര ദാന ചടങ്ങില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ഒരു കോടി തൈകള്‍ നട്ടുപിടിപ്പിക്കുന്ന'ഒരു തൈ നടാം'വൃക്ഷവത്കരണ പരിപാടിയില്‍60ലക്ഷം പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. എം. എബ്രഹാം നിര്‍വ്വഹിക്കും. മികച്ച പച്ചത്തുരുത്തുകള്‍,വേങ്ങോട് ആദ്യ പച്ചത്തുരുത്ത്,ടൈറ്റാനിയം പച്ചത്തുരുത്ത്,കണ്ടല്‍ പച്ചത്തുരുത്ത്,മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ പച്ചത്തുരുത്ത്,കേളകം ഗ്രാമപഞ്ചായത്തിലെ പൂമ്പാറ്റകള്‍ എന്നിവ അടിസ്ഥാനമാക്കി തയ്യാറാക്കിയ പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങില്‍ നടക്കും.