സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനില്‍, ത്രില്ലര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് ബാറ്റിംഗ്

Sunday 14 September 2025 8:11 PM IST

ദുബായ്: ഏഷ്യ കപ്പിലെ ഇന്ത്യ പാകിസ്ഥാന്‍ സൂപ്പര്‍ പോരാട്ടത്തില്‍ പാകിസ്ഥാന് ആദ്യം ബാറ്റിംഗ്. ടോസ് നേടിയ പാകിസ്ഥാന്‍ നായകന്‍ സല്‍മാന്‍ അലി ആഗ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. യുഎഇയിക്ക് എതിരായ ആദ്യ മത്സരത്തില്‍ കളിച്ച അതേ ടീമിനെ തന്നെയാണ് പാകിസ്ഥാനെതിരെയും ഇന്ത്യ രംഗത്തിറക്കിയിരിക്കുന്നത്. മലയാളി താരം സഞ്ജു വി സാംസണ്‍ വിക്കറ്റ് കീപ്പറായി പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

പ്ലേയിംഗ് ഇലവന്‍ ഇങ്ങനെ

ഇന്ത്യ: അഭിഷേക് ശര്‍മ്മ, ശുബ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, സഞ്ജു വി സാംസണ്‍, ശിവം ദൂബെ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി

പാകിസ്ഥാന്‍: സാഹിബ്‌സദാ ഫര്‍ഹാന്‍, സയീം അയൂബ്, മുഹമ്മദ് ഹാരിസ്, ഫഖര്‍ സമന്‍, സല്‍മാന്‍ അലി ആഗ, ഹസന്‍ നവാസ്, ഫഹീം അഷ്‌റഫ്, ഷഹീന്‍ ഷാ അഫ്രീദി, സുഫിയാന്‍ മുഖീം, അബ്രാര്‍ അഹമ്മദ്.

കടുത്ത നിയന്ത്രണങ്ങള്‍

പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേശന്‍ സിന്ദൂറിനും ശേഷമുള്ള ആദ്യ ഇന്ത്യ പാക് പോരാട്ടം എന്ന നിലയില്‍ കനത്ത സുരക്ഷയും നിയന്ത്രണങ്ങളുമാണ് മത്സരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മത്സരത്തിനിടയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രകോപനം സൃഷ്ടിക്കുന്നത് തടയാന്‍ സ്റ്റേഡിയത്തിലും പുറത്തും കനത്ത സുരക്ഷയാണ് ദുബായ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ആരാധകരുടെയോ കളിക്കാരുടെയോ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്നവര്‍ക്ക് മൂന്നുമാസംവരെ തടവും 7.2 ലക്ഷം രൂപ പിഴയും നേരിടേണ്ടിവരുമെന്ന് ദുബായ് പൊലീസ് പുറത്തിറക്കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

സംഘര്‍ഷസാദ്ധ്യത കണക്കിലെടുത്ത് ആരാധകരുടെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള പ്രകോപനവുമുണ്ടാവാതിരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. സ്റ്റേഡിയത്തിലേക്ക് പതാകകള്‍, ബാനറുകള്‍, ലേസര്‍ പോയിന്ററുകള്‍, മൂര്‍ച്ചയുള്ള വസ്തുക്കള്‍, പടക്കങ്ങള്‍ തുടങ്ങി കൊണ്ടുവരാന്‍ അനുമതിയില്ലാത്തവയുടെ പട്ടിക പൊലീസ് പുറത്തിറക്കിയിട്ടുണ്ട്.