ഗുരുവായൂരിൽ വൻ ഭക്തജന തിരക്ക്

Monday 15 September 2025 12:38 AM IST

ഗുരുവായൂർ: അഷ്ടമിരോഹിണി ദിനമായ ഇന്നലെ കണ്ണനെ ദർശിക്കാൻ പതിനായിരങ്ങൾ ഗുരുവായൂരിലെത്തി. രാവിലെ മൂന്നിന് നിർമ്മാല്യ ദർശനം മുതൽ ക്ഷേത്രത്തിൽ വൻ ഭക്തജനതിരക്കായിരുന്നു. രാവിലെയും ഉച്ചകഴിഞ്ഞും കാഴ്ചശീവേലിയും രാത്രി വിളക്കെഴുന്നള്ളിപ്പും നടന്നു. സ്വർണ്ണക്കോലത്തിലായിരുന്നു മൂന്നുനേരവും എഴുന്നള്ളിപ്പ്. രാവിലെ ശീവേലിക്ക് പെരുവനം കുട്ടൻ മാരാർ, തിരുവല്ല രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ മേളം അകമ്പടിയായി.

ഉച്ചകഴിഞ്ഞ് കാഴ്ചശീവേലിക്കും രാത്രി വിളക്കെഴുന്നള്ളിപ്പിനും വൈക്കം ചന്ദ്രൻ (തിമില), കലാമണ്ഡലം കുട്ടി നാരായണൻ (മദ്ദളം) എന്നിവരുടെ നേതൃത്വത്തിൽ പഞ്ചവാദ്യവും അകമ്പടി സേവിച്ചു. പ്രധാന വഴിപാടായ നെയ്യപ്പം രാത്രി അത്താഴപൂജയ്ക്ക് ഭഗവാന് നിവേദിച്ചു. പിറന്നാൾ സദ്യയിൽ നാൽപതിനായിരത്തിലധികം ഭക്തജനങ്ങൾ പങ്കെടുത്തു.

ക്ഷേത്രത്തിൽ ഇന്നലെ 143 വിവാഹങ്ങൾ നടന്നു. തിരക്ക് കണക്കിലെടുത്ത് രാവിലെ നാലുമുതൽ വിവാഹങ്ങൾ തുടങ്ങിയിരുന്നു. വിവാഹസംഘങ്ങളെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന് തെക്കുഭാഗത്തെ പന്തലിൽ വരിയായി നിറുത്തിയാണ് മണ്ഡപങ്ങളിലേയ്ക്ക് കടത്തിവിട്ടത്. വിവാഹം കഴിഞ്ഞവരെ മണ്ഡപത്തിൽ നിന്നും നേരെ തെക്കേനടയിലേക്കും കടത്തിവിട്ടു.