ഫണ്ടില്ല, യാഥാർത്ഥ്യമാകാതെ ചരിത്ര പൈതൃക മ്യൂസിയം
നീലേശ്വരം: നീലേശ്വരം രാജകൊട്ടാരത്തെ ചരിത്ര പൈതൃക മ്യൂസിയമാക്കി മാറ്റുമെന്ന വാഗ്ദാനം ജലരേഖ. ജില്ലയുടെ സാംസ്കാരിക തലസ്ഥാനമായ നീലേശ്വരത്ത് പ്രഖ്യാപിച്ച പൈതൃക മ്യൂസിയത്തിന് പുരാവസ്തു വകുപ്പ് ഫണ്ട് അനുവദിക്കാത്തതാണ് തടസമാകുന്നത്.
നീലേശ്വരത്തിന്റെ സംസ്കാരം, ചരിത്രം, ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനം, പോരാട്ടം ഇതൊക്കെ അനാവരണം ചെയ്യുന്ന സാംസ്കാരിക ഓപ്പൺ ഏയർ തീയറ്റർ എന്നിവയൊക്കെ മ്യൂസിയത്തിൽ വിഭാവനം ചെയ്തിരുന്നു.
ആദ്യ പിണറായി സർക്കാരിലെ പുരാവസ്തു വകുപ്പ് മന്ത്രിയായിരുന്ന കടന്നപ്പള്ളി രാമചന്ദ്രൻ രണ്ടുതവണ രാജകൊട്ടാരം സന്ദർശിച്ച് തൃപ്തി രേഖപ്പെടുത്തിയിരുന്നു. രാജകൊട്ടാരം രാജവംശത്തിൽ നിന്ന് വിലയ്ക്കു വാങ്ങി മ്യൂസിയം നിർമ്മിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ മ്യൂസിയം പദ്ധതിയുമായി ദ്രുതഗതിയിൽ മുന്നോട്ടുപോകുന്നതിനിടയിൽ സംസ്ഥാനം അതിതീവ്ര മഴയിൽ വെള്ളപ്പൊക്ക കെടുതി അനുഭവിക്കുകയും തുടർന്ന് കൊവിഡ് മഹാമാരിയും എത്തിയതോടെ പദ്ധതിക്ക് മെല്ലെപോക്ക് വന്നു. അതിനിടയിൽ ആർക്കിയോളജി വകുപ്പ് ഡയറക്ടർ തയ്യാറാക്കി സർക്കാരിൽ സമർപ്പിച്ച ഫണ്ടിൽ കൂടുതൽ തുക വേണമെന്നാവശ്യപ്പെട്ട് രാജകൊട്ടാരം പ്രതിനിധി പുരാവസ്തു വകുപ്പിന് കത്തയച്ചതും പ്രതിസന്ധിക്ക് ആക്കംകൂട്ടി.
രണ്ടാം പിണറായി സർക്കാരിൽ പുരാവസ്തു മന്ത്രിയായിരുന്ന അഹമ്മദ് ദേവർ കോവിലും രാജകൊട്ടാരം സന്ദർശിച്ച് മ്യൂസിയത്തിന് അനുയോജ്യമാണെന്ന് രേഖപ്പെടുത്തിയിരുന്നു. ഫണ്ട് തടസം ഏറ്റെടുക്കുകയും എല്ലാ ജനപ്രതിനിധികളുടെയും കൂട്ടായ്മയിൽ ആവശ്യമായ തുക സർക്കാർ തലത്തിൽ വിലയിരുത്തി തീരുമാനമാവുകയുമാണെങ്കിൽ വിഭാവനം ചെയ്ത ചരിത്ര പൈതൃക മ്യൂസിയം യാഥാർത്ഥ്യമാകും. രണ്ട് ഏക്കറോളം വിസ്തൃതിയുള്ള കൊട്ടാരവളപ്പിൽ നിലവിൽ വാഹന പാർക്കിംഗും പൊതുയോഗ പരിപാടിയുമാണ് നടക്കുന്നത്. ചില ഹൃസ്വ സിനിമ ഷൂട്ടിംഗും നടത്താറുണ്ട്.
കാത്തിരിപ്പിന് 10 വർഷം
2015-20 വർഷം നീലേശ്വരം നഗരസഭ ചെയർമാനായിരുന്ന പ്രൊഫ. കെ.പി ജയരാജനാണ് മ്യൂസിയം എന്ന ആശയം മുന്നോട്ടുവെച്ചത്. പിന്നീട് നീലേശ്വരം രാജവംശത്തിന്റെ ഇപ്പോഴത്തെ രാജ പ്രതിനിധി ഉദയവർമ്മ രാജയുമായി ജയരാജൻ ചർച്ച നടത്തിയതിനെ തുടർന്ന് രാജകൊട്ടാരം വിട്ടുനൽകാൻ തീരുമാനമായി. ഇതിനെ തുടർന്ന് 2017ൽ സംസ്ഥാന ആർക്കിയോളജി ഡയറക്ടർ ആർ. റെജികുമാർ രാജകൊട്ടാരം സന്ദർശിച്ച്, കെട്ടിടം നിലവിലുള്ള മാർക്കറ്റ് വില കൊടുത്തു വാങ്ങുന്നതിന് ഫണ്ട് തുകയടക്കം രേഖകളടങ്ങിയ ഫയൽ സംസ്ഥാന സർക്കാരിന് സമർപ്പിച്ചു.