മൂവാറ്റുപുഴയി​ൽ റോഡ് ഉദ്ഘാടനം ചെയ്ത എസ്.ഐക്ക് സസ്പെൻഷൻ

Monday 15 September 2025 1:45 AM IST

കൊച്ചി: മൂവാറ്റുപുഴ നഗരത്തി​ൽ എം.സി റോഡി​ന്റെ പുനർനി​ർമ്മി​ച്ച ഭാഗം ഉദ്ഘാടനം ചെയ്ത ട്രാഫിക് എസ്‌.ഐ കെ.പി. സിദ്ദിഖിന് സസ്പെൻഷൻ. വെള്ളിയാഴ്ച മാത്യു കുഴൽനാടൻ എം.എൽ. എ നിർദ്ദേശിച്ചതിനാലാണ് എസ്.ഐ ഉദ്ഘാടകനായത്. രാഷ്ട്രീയ അജണ്ടയ്‌ക്ക് കൂട്ടുനിന്ന് പൊലീസ് ഉദ്യോഗസ്ഥൻ രാഷ്ട്രീയ നാടകം കളിച്ചെന്നാരോപിച്ച് സി.പി.എം ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു പരാതിപ്പെട്ടിരുന്നു. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമാണ് ഇയാൾ പരാതി നൽകിയത്. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഉദ്ഘാടനത്തിൽ പങ്കെടുത്തതിനാണ് ആലുവ റൂറൽ എസ്.പി​യുടെ നടപടി.

എം.സി റോഡിലെ കച്ചേരിത്താഴം- പി.ഒ ജംഗ്ഷൻ വരെ ടാറിംഗ് പൂർത്തിയായ ഭാഗമാണ് എസ്.ഐ തുറന്നുകൊടുത്തത്. നഗരസഭാ ചെയർമാൻ പി.പി. എൽദോസും സ്ഥലത്തുണ്ടായിരുന്നു.

നഗര വികസനം പൂർത്തിയാകും മുൻപ് റോഡ് തുറന്നത് രാഷ്ട്രീയ ലാഭത്തിനാണെന്ന് സി.പി.എം ആരോപിച്ചു. എം.സി. റോഡ് വീതികൂട്ടി ഉയർന്ന നിലവാരത്തിലാക്കുന്നതിനാൽ അഞ്ചു മാസമായി നഗരത്തിൽ ഗതാഗതകുരുക്ക് രൂക്ഷമായിരുന്നു.

അത് തെറ്റെങ്കിൽ കുറ്റം

എന്റേത്: മാത്യു കുഴൽനാടൻ

സി.പി.എം തന്നെ വേട്ടയാടുന്നതിന്റെ ഭാഗമാണ് എസ്.ഐ. സിദ്ദിഖിന്റെ സസ്പെൻഷനെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. അയാൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എം.എൽ.എ എന്ന നിലയിൽ താൻ ചെയ്യിച്ച തെറ്റാണ്.

ഈ നഗരത്തിനു വേണ്ടി മാസങ്ങളോളം കഷ്ടപ്പെട്ട ട്രാഫിക് പൊലീസിനുള്ള അംഗീകാരമായി തന്റെ നിർബന്ധത്താലാണ് സിദ്ദിഖ് നാട മുറിച്ചത്. റോഡ് പണി തടസപ്പെടുത്താൻ ഭരണത്തിലിരിക്കുന്ന പാർട്ടി ഇങ്ങനെ ചെയ്യുന്നത് ശരിയല്ല. ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന നടപടികളിൽ നിന്നു ദയവായി പിൻതിരിയണമെന്നും മാത്യു കുഴൽനാടൻ അഭ്യർത്ഥിച്ചു.