റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയുടെ മാലകൾ പൊട്ടിച്ച യുവാവ് അറസ്റ്റിൽ

Sunday 14 September 2025 10:05 PM IST

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലെ നടപ്പാലത്തിൽ നിന്ന് യാത്രക്കാരിയുടെ രണ്ട് സ്വർണമാലകൾ പൊട്ടിച്ചെടുത്ത് കടന്ന മോഷ്ടാവ് ഒരു മാസത്തിന് ശേഷം പിടിയിലായി. കൂത്താട്ടുകുളം കാക്കൂർ തിരുമാറാടി മാങ്കൂട്ടത്തിൽ വീട്ടിൽ അഖിൽ അഗസ്റ്റിനെയാണ് (32) എറണാകുളം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.

ആഗസ്റ്ര് എട്ടിന് ഉച്ചയ്ക്കായിരുന്നു കവ‌ർച്ച. എറണാകുളം -കൊല്ലം മെമു ട്രെയിനിൽ നാട്ടിലേക്ക് പോകാൻ സ്റ്റേഷനിലെത്തിയ ആലപ്പുഴ ചെന്നിത്തല സ്വദേശി സൂസമ്മയുടെ (64) കുരിശ് ലോക്കറ്റോട് കൂടിയ രണ്ട് പവന്റെ മാലയും ഒരു പവന്റെ മാലയുമാണ് പൊട്ടിച്ചത്. ആറാം നമ്പർ പ്ലാറ്റ്ഫോമിലിരുന്ന സൂസമ്മയോട് സൗഹൃദം നടിച്ച് അടുത്തുകൂടിയ പ്രതി യാത്രക്കാരി മെമു ട്രെയിനിൽ കയറാൻ രണ്ടാംനമ്പർ പ്ലാറ്റ്ഫോമിലേക്ക് നടപ്പാലം വഴി പോകുമ്പോഴാണ് മാല പൊട്ടിച്ചെടുത്ത് കടന്നത്.

സംഭവത്തിന് ശേഷം എറണാകുളത്ത് നിന്ന് കടന്ന പ്രതി കഴിഞ്ഞദിവസം വൈറ്റിലയിൽ എത്തിയപ്പോഴാണ് റെയിൽവേ ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരായ സിനിൽ , തോമസ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.

ബംഗളൂരുവിൽ ഒരു കടയിൽ ജോലി ചെയ്യുന്ന പ്രതി സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്നാണ് മാലപൊട്ടിക്കൽ ആസൂത്രണം ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു. സ്വർണമാലകൾ കണ്ടെടുക്കാൻ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. റെയിൽവേ പൊലീസിലെ സഹേഷ്, തോമസ്, ശ്രീശങ്കർ, സുജിത്ത്, ലിഷോയ് ദാസ് എന്നിവരും അന്വേഷണ സംഘത്തിൽപ്പെടുന്നു.