ക്രൈസ്തവരെ ശത്രുപക്ഷത്ത് നിറുത്താൻ ശ്രമം: കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: ആർ.എസ്. എസിന്റെ ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടമാക്കുന്നതാണ് 'ആഗോള മതപരിവർത്തനത്തിന്റെ നാൾവഴികൾ' എന്ന തലക്കെട്ടിൽ ആർ.എസ്.എസ് മുഖവാരിക കേസരിയിൽ പ്രസിദ്ധീകരിച്ച ലേഖനമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ .സി. വേണുഗോപാൽ എം.പി.
മതപരിവർത്തനമെന്ന ഉണ്ടയില്ലാവെടി കൊണ്ട് വെറുപ്പ് പടർത്തി ക്രൈസ്തവരെ ശത്രുപക്ഷത്ത് നിറുത്താനുള്ള ഗൂഢലക്ഷ്യമാണ് ലേഖനത്തിന് പിന്നിൽ.
ചായമെത്ര തേച്ചാലും നീലക്കുറുക്കന് കൂവാതിരിക്കാൻ കഴിയില്ലെന്നതു പോലെയാണ് സംഘപരിവാറിന്റെ ക്രൈസ്തവ സ്നേഹം.ഛത്തീസ്ഗഡിൽ അന്യായമായി തടങ്കലിലാക്കപ്പെട്ട കന്യാസ്ത്രീകൾ മോചിതരായപ്പോൾ അവർക്കൊപ്പം പോയിനിന്ന് ഫോട്ടോയെടുത്ത ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ അടക്കമുള്ളവരുടെ യഥാർത്ഥ മുഖമാണ് അനാവരണം ചെയ്യപ്പെട്ടത്. ന്യൂനപക്ഷങ്ങൾക്കെതിരെ വിഷംതുപ്പുന്ന ആർ.എസ്.എസിന്റെ ശീലം അവസാന ശ്വാസം വരെ തുടരുമെന്ന് പ്രഖ്യാപിക്കുകയാണ്. ഇതേ നിലപാട് തന്നെയാണോ കേരളത്തിൽ കേക്കുമായി ക്രൈസ്തവ ഭവനങ്ങൾ കേറിനടക്കുന്ന ബി.ജെ.പിയുടേതെന്ന് അറിയാൻ താത്പര്യമുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.
സമുദായ സ്പർദ്ധയ്ക്ക് സംഘപരിവാർ ശ്രമം: ചെന്നിത്തല
തിരുവനന്തപുരം: വിഷം പുരട്ടിയ വാക്കുകൾ കൊണ്ട് സാമുദായിക സ്പർദ്ധ സൃഷ്ടിക്കാനാണ് സംഘപരിവാർ ശ്രമമെന്നും, കേസരിയിലെ ലേഖനം ക്രൈസ്തവ സമുദായത്തെ ഇന്ത്യയുടെ ശത്രുവാക്കി പ്രതിഷ്ഠിക്കാനുള്ള നീക്കമാണെന്നും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു ക്രിസ്ത്യൻ സമുദായത്തെ കൈയിലെടുക്കാൻ അരമനകൾ കയറിയിറങ്ങുന്ന ബി.ജെ.പി നേതൃത്വം ഈ ലേഖനത്തെ തള്ളിപ്പറയാൻ തയ്യാറാണോ?..ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന ഭാരവാഹി എഴുതിയ ലേഖനം, ക്രൈസ്തവ സമുദായത്തിലേക്ക് മാറിയവർ സ്വന്തം രാജ്യത്തോട് കുറു നഷ്ടപ്പെട്ട രാജ്യ വിരുദ്ധരാണെന്നാണ് സമർഥിക്കാൻ ശ്രമിക്കുന്നത്. ഒരു സമുദായത്തെ ഒന്നടങ്കം രാഷ്ട്ര വിരുദ്ധരാക്കാനുള്ള ശ്രമമാണിതെന്ന് ചെന്നിത്തല പറഞ്ഞു.
കോൺഗ്രസ് പിടിക്കേണ്ടത് കോഴികളെ: വി.മുരളീധരൻ
ന്യൂഡൽഹി: ക്രൈസ്തവ സ്നേഹം കാണിക്കുന്ന നീലക്കുറുക്കൻമാരാണ് കേരളത്തിലെ ബി.ജെ.പിയെന്ന എ.ഐ.സിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പരാമർശത്തിനു മറുപടിയുമായി മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. കെ.സി.വേണുഗോപാൽ കുറുക്കനെ അന്വേഷിക്കുന്നതിന് പകരം കോൺഗ്രസിലെ കോഴികളെ അന്വേഷിക്കണം.കോഴിയായ നേതാവ് സഭയിൽ വരണോ അതോ പുറത്തുനിന്ന് കൂവിയാൽ മതിയോ എന്നതാണ് കോൺഗ്രസിലെ ചർച്ചയെന്നും മുരളീധരൻ കളിയാക്കി. ഈ കോഴികൾ കാരണം നാട്ടിൽ സ്ത്രീകൾക്ക് വഴി നടക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.