ശബ്ദരേഖ വിവാദം: ഡി.വൈ.എഫ്.ഐ നേതാവിനെതിരെ ഉടൻ നടപടിയുണ്ടാവില്ല

Monday 15 September 2025 12:00 AM IST

തൃശൂർ: ജില്ലയിലെ നേതാക്കൾക്കെതിരെ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദ് ശബ്ദരേഖ പുറത്തുവിട്ട സംഭവത്തിൽ ഉടനെ നടപടി ഉണ്ടാവില്ല. മൂന്ന് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന് പാർട്ടി ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ശരത് പ്രസാദ് വിശദീകരണം നൽകിയിട്ടില്ല. ശരത്തുമായി സെക്രട്ടറി സംസാരിച്ചെങ്കിലും വിശദീകരണം എഴുതി നൽകണമെന്നാണ് ആവശ്യപ്പെട്ടത്. സംസ്ഥാന കമ്മിറ്റിയുമായി ആലോചിച്ച ശേഷമേ നടപടിയുണ്ടാകൂവെന്നാണ് വിവരം. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗമായിരുന്ന, പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട നിബിൻ ശ്രീനിവാസനുമായി നടത്തിയ സംഭാഷണത്തിലാണ് നേതാക്കൾ സമ്പന്നരുടെ ഡീലറാണെന്നും കോടാനുകോടി സ്വത്തുണ്ടെന്നും പറഞ്ഞത്. അഞ്ച് വർഷം മുമ്പ് നടന്ന സംഭാഷണമാണെന്ന് ശരത് പറയുമ്പോൾ, ഒന്നര വർഷം മുമ്പ് നടന്നതാണെന്നാണ് നിബിന്റെ വാദം.