വളയത്തെ ആക്രമണം അന്വേഷിക്കണം:ബി.ജെ.പി
Monday 15 September 2025 12:35 AM IST
വളയം: തിരുവോണ നാളിൽ വളയത്ത് ബോധപൂർവം സംഘർഷം ഉണ്ടാക്കിയ ക്രിമിനലുകളെ മതത്തിന്റെ പേരിൽ വെള്ളപൂശാനുള്ള ശ്രമങ്ങളെ ബി.ജെ.പി മണ്ഡലം കമ്മിറ്റി അപലപിച്ചു. ഒരു യുവാവിനെ വളയം ടൗണിൽ വച്ച് ആക്രമിക്കുകയും ചികിത്സ തേടി ആശുപത്രിയിലേക്ക് പോകും വഴി രണ്ടാമതും സംഘടിതമായി ആക്രമിക്കുകയും ചെയ്ത നടപടിയെ ന്യായീകരിക്കുന്നത് ശരിയല്ല. പൊലീസിന്റെ കൃത്യനിർവഹണത്തെ തളർത്താനും നാദാപുരം മേഖലയിൽ കലാപത്തിന് ആക്കം കൂട്ടാനും മാത്രമെ ഇത് സഹായിക്കുകയുള്ളൂ. ഓണാഘോഷം നടക്കുന്ന ദിവസം തന്നെ അക്രമം നടത്തിയതിനു പിന്നിലെ ഗൂഢാലോചനയെ കുറിച്ചും അന്വേഷിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. യോഗത്തിൽ വിനീഷ് ആർ.പി അദ്ധ്യക്ഷത വഹിച്ചു. രവി വെള്ളൂർ, ചന്ദ്രൻ മത്തത്ത്, രഞ്ജിത്ത് കെ.കെ. എന്നിവർ പ്രസംഗിച്ചു.