നിയമസഭയിൽ നാളെ പോർമുഖം തുറക്കും
തിരുവനന്തപുരം: ഇന്നു മുതൽ 12 ദിവസം ചേരുന്ന നിയമസഭാ സമ്മേളനം ഭരണ- -പ്രതിപക്ഷങ്ങളുടെ നേർക്കുനേർ പോരാട്ടത്തിന് വേദിയാവും. ഇന്ന് ചരമോപചാരം നടത്തി പിരിയുന്ന സഭ നാളെ ചേരുമ്പോഴാവും യുദ്ധം മുറുകുക. ആക്രമിക്കാൻ രണ്ടു പക്ഷത്തിനുമുണ്ട് വേണ്ടുവോളം ആയുധങ്ങൾ.എന്നാൽ,രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് ഒറ്റക്കെട്ടല്ല .
വയനാട്ടിൽ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജോസ് നെല്ലേടത്തിന്റെ ആത്മഹത്യയും കഴിഞ്ഞ ഡിസംബറിൽ ആത്മഹത്യ ചെയ്ത ഡി.സി.സി ട്രഷറർ എൻ.എം വിജയന്റെ മരുമകൾ പത്മജയുടെ ആത്മഹത്യാ ശ്രമവും കോൺഗ്രസിനെ വറചട്ടിയിലാക്കുന്നതാണ്. സത്യസന്ധരെ കോൺഗ്രസ് കൊന്നൊടുക്കുകയാണെന്നും കള്ളന്മാർ വെള്ളയും വെള്ളയുമിട്ട് നടക്കുകയാണെന്നും പത്മജ ആരോപിച്ചിരുന്നു. കോൺഗ്രസിനെയും യു.ഡി.എഫിനെയും പ്രതിരോധത്തിലാക്കാൻ ഇത് ധാരാളം. എന്നാൽ തൃശൂരിലെ ഡി.വൈ.എഫ് ഐ നേതാവിന്റെ ഫോൺ സംഭാഷണം പുറത്തു വന്നതും,
പൊലീസ് മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വഴി കേരളമാകെ കണ്ടതും ആവർത്തിക്കുന്ന പൊലീസ് അതിക്രമങ്ങളും ഭരണപക്ഷത്തെ വിയർപ്പിക്കും.
സി.പി.ഐ സംസ്ഥാന സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കുമെതിരെ ഉയർന്ന വിമർശനങ്ങളും, ലോക്കപ്പ് മർദ്ദനം ഇടതു നയമല്ലെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രഖ്യാപനവും പ്രതിപക്ഷത്തിന് കൊട്ടിപ്പാടാനുള്ള വകയാണ്.
മാങ്കൂട്ടത്തിൽ രണ്ട്
പക്ഷത്തിനും ഏണി
ലൈംഗികാരോപണങ്ങളിൽപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പദവി രാജി വയ്ക്കുകയും ,കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെടുകയും ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ രണ്ട് പക്ഷത്തിനും ഏണിയാവും.രാഹുൽ സഭയിലെത്തരുതെന്ന കടുത്ത നിലപാട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുണ്ടെങ്കിലും കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണിജോസഫ് വിപരീത നിലപാടിലാണ്. പക്ഷെ രാഹുൽ എത്തിയാലും രണ്ടും കൽപ്പിച്ചുള്ള ആക്രമണത്തിന് ഭരണപക്ഷം മുതിർന്നേക്കില്ല. എം.മുകേഷും .കടകംപള്ളി സുരേന്ദ്രനും പൂച്ച കരച്ചിലുമൊക്കെ അവരെ വിഷമിപ്പിക്കും. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ.ഫിറോസിനെതിരെ കെ.ടി ജലീൽ തുടർച്ചയായി ഉയർത്തുന്ന ആരോപണങ്ങളും അതിന് ഫിറോസിന്റെ മറുപടിയും രണ്ട് പക്ഷത്തിനും ഏറ്റു പിടിക്കാവുന്നതാണ്.
വി.എസിനും പി.പി.തങ്കച്ചനും ഇന്ന് സഭയിൽ ചരമോപചാരം
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാമതു സമ്മേളനം ഇന്നുമുതൽ ഒക്ടോബർ 10വരെ 12 ദിവസങ്ങളിൽ ചേരുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ അറിയിച്ചു. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ, മുൻസ്പീക്കർ പി.പി.തങ്കച്ചൻ, പീരുമേട് എം.എൽ.എയായിരുന്ന വാഴൂർ സോമൻ എന്നിവർക്ക് ചരമോപചാരം അർപ്പിച്ച് സഭ ഇന്ന് പിരിയും.
ബാക്കി 11 ദിവസങ്ങളിൽ 9 ദിവസങ്ങൾ ഔദ്യോഗിക കാര്യങ്ങൾക്കും രണ്ടു ദിവസങ്ങൾ അനൗദ്യോഗിക കാര്യത്തിനുമായി വിനിയോഗിക്കും. 2024ലെ കേരള പൊതുവില്പന നികുതി (ഭേദഗതി) ബിൽ, 2025ലെ കേരള സംഘങ്ങൾ രജിസ്ട്രേഷൻ ബിൽ, 2025ലെ കേരള ഗുരുവായൂർ ദേവസ്വം (ഭേദഗതി) ബിൽ, 2025ലെ കേരള കയർ തൊഴിലാളി ക്ഷേമ സെസ് (ഭേദഗതി) ബിൽ തുടങ്ങിയവ പരിഗണനയ്ക്കുവരും. സെലക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് അയച്ചിരുന്ന 2023ലെ കേരള പൊതുരേഖ ബില്ലും പരിഗണിക്കും.
2025ലെ കേരള പബ്ലിക് സർവീസ് കമ്മിഷൻ (സർവകലാശാലകളുടെ കീഴിലുള്ള സർവീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) ഭേദഗതി ഓർഡിനൻസിനു പകരമുള്ള ബില്ലും പാസാക്കേണ്ടതുണ്ട്.
ഒക്ടോബർ ആറിന് 2025-26 സാമ്പത്തികവർഷത്തെ ബഡ്ജറ്റിലേക്കുള്ള ഉപധനാഭ്യർത്ഥനകൾ സംബന്ധിച്ച ചർച്ചയും വോട്ടെടുപ്പും നടക്കും. ഏഴിന് ധനവിനിയോഗബിൽ പരിഗണിക്കും. നിയമസഭ പുസ്തകോത്സവത്തിന്റെ 4ാം പതിപ്പ് ജനുവരി 7 മുതൽ 13വരെ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായും സ്പീക്കർ അറിയിച്ചു.