അവയവദാനത്തിന് വേഗംകൂട്ടാൻ കെ-സോട്ടോയുടെ 'ടാക്സി സർവീസ് '
ടെൻഡർ നടപടികൾക്ക് തുടക്കം
കോഴിക്കോട്: സംസ്ഥാനത്തെ അവയവദാന സേവനങ്ങൾ വേഗത്തിലാക്കാൻ ആംബുലൻസ് അടക്കമുള്ള 'ടാക്സി സർവീസ് ' പദ്ധതിയുമായി കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ). ആംബുലൻസുകളും കാറുകളും ഓൺലൈൻ ടാക്സി സർവീസുകൾക്ക് സമാനമായാണ് പ്രയോജനപ്പെടുത്തുക. ഏജൻസികളെ എംപാനൽ ചെയ്യുന്ന ടെൻഡർ നടപടികൾ ആരംഭിച്ചു. ഈ വാഹനങ്ങൾ സാധാരണ സർവീസിന് പുറമെ കെ-സോട്ടോയുടെ നിർദ്ദേശാനുസരണം സേവനം നൽകും. അവയവങ്ങൾ കൊണ്ടുപോകാനും ഡോക്ടർമാരെ യഥാസമയം എത്തിക്കാനും ഏത് വാഹനം വേണമെന്ന് ജില്ല ഏജൻസികളെ കെ-സോട്ടോ അറിയിക്കും.
അതനുസരിച്ച് വാഹനങ്ങൾ ലഭ്യമാക്കും. ആദ്യഘട്ടത്തിൽ കെ-സോട്ടോയുടെ ഫണ്ടിൽ നിന്ന് പണം കണ്ടെത്തി പിന്നീട് സർക്കാരിൽ നിന്ന് ലഭ്യമാക്കാനാണ് ശ്രമം.
ഡോക്ടർമാരെയും എത്തിക്കും
ദാതാവിൽ നിന്നെടുക്കുന്ന അവയവങ്ങൾ ശസ്ത്രക്രിയ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും.
മസ്തിഷ്‌കമരണം സ്ഥിരീകരിക്കാനും അവയവമാറ്റ കേന്ദ്രങ്ങളിൽ പരിശോധനയും ഓഡിറ്റും നടത്താനുമുള്ള ഡോക്ടർമാരടങ്ങിയ സംഘങ്ങളെ എത്തിക്കും.
ദാതാവിന്റെയും സ്വീകർത്താവിന്റെയും സാമ്പിളുകൾ പരിശോധനയ്ക്കായി എത്തിക്കും.
മസ്‌തിഷ്‌ക മരണം സംഭവിച്ച ദാതാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജുകളിലേക്കും തുടർന്ന് അന്ത്യകർമ്മങ്ങൾക്ക് വീട്ടിലേക്കും കൊണ്ടുപോകും.
''ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു. ഓൺലെെൻ ടാക്സി സർവീസ് പോലെയാണ് പദ്ധതി. അവയവദാനം കുറവായതിനാൽ ഏജൻസികളെ ലഭിക്കാത്ത സ്ഥിതിയുണ്ട്. അത് മാറുമെന്നാണ് പ്രതീക്ഷ''
- ഡോ. നോബിൾ ഗ്രേഷ്യസ്,
എക്സിക്യൂട്ടീവ് ഡയറക്ടർ,
കെ. സോട്ടോ