തേൻകെണിയുടെ നോവുകൾ
ലൈംഗിക അടുപ്പത്തിന്റെ വീഡിയോകളോ ഫോട്ടോകളോ തന്ത്രപരമായി നേടിയെടുക്കുന്നു. പ്രണയം നടിച്ചോ, അത്തരമൊരു ബന്ധത്തിന് സമ്മതമുണ്ടെന്ന വിചാരം നൽകിയോ
ആകാമിത്. പിന്നീട് ഇതൊക്കെ പരസ്യപ്പെടുത്താതിരിക്കാൻ കൂട്ട് ചേർന്നോ ഒറ്റയ്‌ക്കോ വില പേശുന്ന തന്ത്രമാണ് ഹണി ട്രാപ്പ് .
സെക്‌സിന്റെ തേൻ പുരട്ടിയാണ് കുടുക്കുന്നത്. പുറത്തറിഞ്ഞാൽ മാനഹാനി. സമൂഹത്തിലും കുടുംബത്തിലുമുള്ള സൽപ്പേരിന് കോട്ടം. പ്രലോഭന ചൂണ്ടയിൽ കൊത്താതിരിക്കാൻ ചിലർക്ക് സാധിക്കുന്നില്ല. ഇരയുടെ മാനത്തിന് വില കൂടും തോറും ചോദിക്കുന്ന കാശും കൂടും. സൽപ്പേരിന് കോട്ടം വരുമെന്ന പേടി സൃഷ്ടിക്കാൻ കഴിഞ്ഞാൽ ഇരകൾ എന്തിനും വഴങ്ങുമെന്ന ധൈര്യമാണ് ഈ സൈക്കോളജിക്കൽ ക്രൈമിന്റെ ഊർജം. പണം, മറ്റു താത്പര്യങ്ങൾ നേടൽ ഇങ്ങനെ പലതുമാകാം ലക്ഷ്യങ്ങൾ. പ്രതിരോധ രഹസ്യങ്ങൾ പിടിച്ചെടുക്കാൻ ഉന്നത സൈനിക ഉദ്യോഗസ്ഥരെ ഹണി ട്രാപ്പിൽ കുടുക്കിയ കഥകളും ധാരാളമുണ്ട്. ഉദ്ദേശിച്ച ദിശയിൽ പോകാതെ വരുമ്പോൾ ശാരീരിക ഉപദ്രവങ്ങളും ഉണ്ടാകാം. . ക്രിമിനൽ സ്വഭാവത്തിന്റെ കാഠിന്യം കൂടും തോറും ക്രൂരതകളും കൂടും. തേൻ മധുരത്തിന്റെ സ്ഥാനത്ത് കൊടിയ എരിവ് പടരും. വിവേകം
തുണയാകണം
ഇത്തരമൊരു കെണിക്ക് അവസരമുണ്ടാക്കാതിരിക്കാൻ ജാഗ്രത പുലർത്തുന്നതാണ് ഏറ്റവും നല്ല വഴി. ലൈംഗിക അരാജകത്വത്തിന്റെ വിത്ത് നിലനിന്നാൽ കെണി ഒരുക്കുന്നവർക്ക് വീഴ്‌ത്തൽ എളുപ്പമാകും. ആരോഗ്യകരമായ ലൈംഗികതയിൽ അച്ചടക്കം പാലിക്കലും പ്രധാനമാണ്.
പെട്ടാലെന്ത്
ചെയ്യും?
ഇരയാകുമ്പോൾ ഭയം വിവേകത്തെ ഇല്ലാതാക്കും. മാനഹാനി പേടിച്ച് ആത്മഹത്യ
ചെയ്തവരുമുണ്ട്. വിശ്വസിക്കാവുന്ന ആരുടെയെങ്കിലും പിന്തുണ തേടണം. അശാന്തമായ മനസ് കുറ്റവാളിക്ക് പ്രോത്സാഹനമാകും. വില പേശലിന് വഴങ്ങില്ലെന്നും, വിവരങ്ങൾ പുറത്തായാലുണ്ടാകുന്ന ഭവിഷ്യത്തുകൾ ഏറ്റെടുത്തു കൊള്ളാമെന്നും പറയാനുള്ള ചങ്കൂറ്റമാണ് വേണ്ടത്. ആരെയൊക്കെ ബാധിക്കുമോ അവരോട് വിവരങ്ങൾ നേരിട്ട് പറയുമെന്നും കൂട്ടി ചേർക്കാം. ഇത്രയും ചെയ്താൽ ബ്ലാക്ക് മെയിൽ ആയുധത്തിന്റെ മുന ഒടിയും.
ഈ വിവരങ്ങൾ പ്രിയപ്പെട്ടവരെ എങ്ങനെ അറിയിക്കുമെന്ന വേവലാതിയുണ്ടാകും. പശ്ചാത്താപത്തോടെ തെറ്റ് അവരെ ബോദ്ധ്യപ്പെടുത്താൻ കഴിയും.ക്രിമിനൽ ലക്ഷ്യത്തോടെ വട്ടം കറക്കുന്നവരെ ബോദ്ധ്യപ്പെടുത്താനാവില്ല. നഗ്‌ന ഫോട്ടോകളും തന്ത്രപരമായി തരമാക്കിയ വീഡിയോകളും കാട്ടിയുള്ള വിരട്ടലുകളിൽ വഴങ്ങാതെ പൊലീസ് സഹായം സ്വീകരിക്കണം. കാലതാമസമില്ലാതെ ചെയ്താൽ വിവരങ്ങൾ പൊലീസിൽ മാത്രം ഒതുങ്ങിയേക്കും. മറു കെണിയിടാൻ എളുപ്പമാകും.
(സീനിയർ സൈക്യാട്രിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, എറണാകുളം)