ആത്മഹത്യകൾ: വെട്ടിലായി വയനാട് കോൺഗ്രസ്

Monday 15 September 2025 12:00 AM IST

കൽപ്പറ്റ: വയനാട് മുൻ ഡി.സി.സി ട്രഷറർ എൻ.എം.വിജയൻ, മകൻ ജിജേഷ്, മുളളൻകൊല്ലി ഗ്രാമ പഞ്ചായത്ത് മെമ്പറും കോൺഗ്രസ് നേതാവുമായ ജോസ് നേല്ലേടം എന്നിവരുടെ ആത്മഹത്യ കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കുന്നു.

ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് വേണ്ടി രണ്ടേ കാൽ കോടി രൂപയുടെ കടക്കാരനായി പിടിച്ചുനിൽക്കാൻ കഴിയാതെ വന്നപ്പോഴാണ് എൻ.എം.വിജയൻ മകനൊപ്പം ആത്മഹത്യ ചെയ്തത്. നേതൃത്വവുമായി ഉണ്ടാക്കിയ ധാരണ ലംഘിക്കപ്പെട്ടതിനെ തുടർന്ന് വിജയന്റെ മകന്റെ ഭാര്യ പത്മജ ശനിയാഴ്ച ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.ആശുപത്രിയിൽ വച്ച് ഇന്നലെയും പത്മജ നേതൃത്വത്തിനെതിരെ തുറന്നടിച്ചു.

പത്മജയെ കണ്ട് സംസാരിക്കാൻ ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എം.വി.ജയരാജൻ വയനാട്ടിലെത്തി..വിജയന്റെ കുടുംബത്തെ കോൺഗ്രസ് സഹായിച്ചില്ലെങ്കിൽ, കുടുംബം ആവശ്യപ്പെടുന്ന പക്ഷം അവരെ സഹായിക്കാൻ തയ്യാറാണെന്ന് .ജയരാജൻ പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിപ്പിക്കുന്ന തരത്തിൽ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എം.വിജയന്റെ മക്കളുമായി നടത്തിയ സംഭാഷണം പുറത്താവുകയും ചെയ്തു. നേതാക്കളെടുക്കുന്ന നിലപാടുകളോട് യോജിപ്പില്ലെന്നാണ് തിരുവഞ്ചൂരിന്റെ വാക്കുകൾ.

ഇതിനിടെ ,ജോസ് നെല്ലേടം ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് പൊലീസ് രംഗത്തെത്ഥി. മുഖ്യപ്രതി ഉടൻ പിടിയിലാകുമെന്ന് പൊലീസ് വ്യക്തമാക്കി.

മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ജോസ് നെല്ലേടം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. പെരിക്കല്ലൂരിലെ കോൺഗ്രസ് വാർഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയെന്ന ആരോപണങ്ങളെ തുടർന്ന് ജോസ് നെല്ലേടമുൾപ്പെടെയുള്ള ചില നേതാക്കൾക്കെതിരെ വ്യാപക പ്രചാരണങ്ങൾ നടന്നിരുന്നു. ഇതിൽ മനം നൊന്താണ് അദ്ദേഹം ജീവനൊടുക്കിയത്.

അതേസമയം പരസ്യ പ്രതികരണത്തിനില്ലെന്നാണ് ജോസിന്റെ കുടുംബാംഗങ്ങൾ പറഞ്ഞത്. പ്രതികരണങ്ങൾ നടത്തി മറ്റൊരു കുടുംബത്തെ ഇല്ലാതാക്കാനില്ല. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ കുപ്രചാരണങ്ങൾ നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി . ജോസ് നെല്ലേടത്തിന്റെ മരണം വയനാട് കോൺഗ്രസിൽ സമീപകാലത്തുണ്ടായ ദുരൂഹ മരണങ്ങളുടെ തുടർച്ചയാണെന്നാണ് സി.പി.എമ്മും സി.പി.ഐയും ആരോപിക്കുന്നത്.