സ്വയം വാദിച്ച് 45 ലക്ഷം രൂപയും നേടി മേയ്മോൾ കേസ് നടത്തിയത് വനംവകുപ്പിനെതിരെ

Sunday 14 September 2025 10:55 PM IST

കൊച്ചി: വനംവകുപ്പിന്റെ മുട്ടാപ്പോക്ക് ന്യായങ്ങൾക്കെതിരെ ഹൈക്കോടതിയിൽ സ്വയം വാദിച്ച് കൃഷിഭൂമിയുടെ നഷ്ടപരിഹാരമായ 45 ലക്ഷം രൂപയും നേടിയെടുത്ത് കോതമംഗലം തൃക്കാരിയൂർ പൈനാടത്ത് മേയ്മോൾ പി.ഡേവിസ്. റീബിൽഡ് കേരള ഡെവലപ്മെന്റ് പ്രോഗ്രാം (ആർ.കെ.ഡി.പി) പ്രകാരം വിട്ടുകൊടുത്ത കൃഷിഭൂമിയുടെ നഷ്ടപരിഹാരമാണിത്. ഒന്നര വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് മേയ്മോളുടെ (35) വിജയം.

നേരത്തെ വനംവകുപ്പ് 22.5 ലക്ഷം കൈമാറിയിരുന്നു. എല്ലാ നടപടികളും പൂർത്തിയാക്കി ശേഷിക്കുന്ന തുകയും കഴിഞ്ഞദിവസം മേയ്മോളുടെ അക്കൗണ്ടിലെത്തി. ക്യാൻസർ രോഗിയായ മാതാവ് മോളിയും മേയ്മോളും താമസിച്ചിരുന്ന വീടും പറമ്പും വന്യമൃഗശല്യം കാരണം വനംവകുപ്പിന് കൈമാറിയതിന്റെ നഷ്ടപരിഹാരത്തിന് വേണ്ടിയായിരുന്നു പോരാട്ടം.

2018ൽ സർക്കാർ പ്രഖ്യാപിച്ച ആർ.കെ.ഡി.പി സ്കീമിൽ ഭൂമി വിട്ടുകൊടുത്ത മേയ്‌ക്കപ്പാല, തൃക്കാരിയൂ‌ർ പ്രദേശത്തെ 155 കർഷകരിൽ ഒരാളാണ് മോളി. അപേക്ഷകർ കൂടിയപ്പോൾ വനംവകുപ്പ് മെല്ലെപ്പോക്ക് ആരംഭിച്ചു. തുടർന്നാണ് ലഭിക്കേണ്ടിയിരുന്ന 45 ലക്ഷം രൂപയ്ക്കുവേണ്ടി വക്കീൽ ഇല്ലാതെ മേയ്മോൾ കോടതിയിൽ സ്വയം വാദിച്ചത്. നിയമബിരുദമില്ലെങ്കിലും ഇരട്ട ബിരുദാനന്തര ബിരുദവും സാമാന്യബോധവും യുക്തിചിന്തയും ആവോളമുള്ള മേയ്മോൾക്കു മുമ്പിൽ വനംവകുപ്പിന്റെ മറുവാദങ്ങളൊന്നും വിലപ്പോയില്ല.

ഹാജരായത് 48 തവണ റിട്ട് ഹർജിയും അപ്പീലും കോടതിയലക്ഷ്യ ഹർജികളുമൊക്കെയായി സിംഗിൾ ബെഞ്ചിലും ഡിവിഷൻ ബെഞ്ചിലും 48 തവണയാണ് മേയ്മോൾ ഹാജരായത്. ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 9 ജഡ്ജിമാർ വിവിധഘട്ടങ്ങളിൽ വാദം കേട്ടു. ഒന്നരവർഷം അനാവശ്യമായ വ്യവഹാരങ്ങളിലേക്ക് വലിച്ചിഴച്ചത് മൂലമുണ്ടായ ബുദ്ധിമുട്ടുകൾ, നഷ്ടപരിഹാരത്തുക വൈകിയ കാലത്തെ പലിശ എന്നിവയ്ക്കായി 3 ലക്ഷം രൂപ ആവശ്യപ്പെട്ട് മേയ്മോൾ വനംവകുപ്പിനെതിരെ നൽകിയ പുതിയ ഹർജി 30ന് ഹൈക്കോടതി പരിഗണിക്കും.