ഭൂമി വിവാദം, അന്വേഷണത്തിന് ഉത്തരവിടാൻ  എന്തിനാണ് മടി:പി.കെ ഫിറോസ്

Monday 15 September 2025 12:56 AM IST

കോഴിക്കോട്:തിരൂർ മലയാളം സർവകലാശാലയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുത്തത് യു.ഡി.എഫ് ഭരണകാലത്താണെന്ന കെ.ടി ജലീലിന്റെ പ്രസ്താവന പച്ചക്കള്ളമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്.2016 ഫെബ്രുവരിയിൽ യു.ഡി.എഫ് ഭരണ സമയത്ത് മൂന്ന് പ്രൊപോസലുൾ കളക്ടർ ഇത് സംബന്ധമായി സർക്കാരിന് സമർപ്പിച്ചിരുന്നു.എന്നാൽ ഒരു തീരുമാനവും സർക്കാർ എടുത്തിരുന്നില്ല.അക്കാലത്തെ തിരൂർ എം.എൽ.എ ആയിരുന്ന സി.മമ്മൂട്ടിയുടെ താത്പ്പര്യ പ്രകാരമാണ് ഭൂമി ഏറ്റെടുത്തതെന്ന ജലീലിന്റെ വാദവും അടിസ്ഥാനരഹിതമാണ്.ഭൂമി ഏറ്റെടുക്കുന്നതിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി സി.മമ്മൂട്ടി നൽകിയ അപേക്ഷയ്ക്ക് 2017 ജനുവരി 31ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയിരുന്നു.2016ൽ ഇടതുസർക്കാർ വന്നതിന് ശേഷം ധാരണയുണ്ടാക്കി കൊള്ള വിലയ്ക്ക് സർക്കാരിന് മറിച്ചുവിറ്റ,കൊടും അഴിമതിക്കാണ് കെ.ടി ജലീൽ നേതൃത്വം നൽകിയതെന്നും ഫിറോസ് ആരോപിച്ചു.ജലീലിന് സത്യാവസ്ഥ പുറത്തുകൊണ്ട് വരാൻ വിജിലൻസ് അന്വേഷണത്തിന് തയാറുണ്ടോ എന്നും ഫിറോസ് ചോദിച്ചു.അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറഞ്ഞ് അഴിമതിയിൽ നിന്നും രക്ഷപ്പെടാനാണ് ജലീൽ ശ്രമിക്കുന്നതെങ്കിൽ അദ്ദേഹം നേരിട്ട് ഇടപാടിൽ പങ്കെടുത്തതിന്റെ തെളിവുകൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും ഫിറോസ് വ്യക്തമാക്കി.