സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരെ സ്ഥിരപ്പെടുത്തേണ്ടെന്ന് സർക്കാർ സത്യവാങ്മൂലം
തൊടുപുഴ: സർവശിക്ഷാ കേരളയിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരെ സ്ഥിരപ്പെടുത്തേണ്ടെന്ന തീരുമാനം സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലമായി സമർപ്പിച്ചു. ക്ലസ്റ്റർ അടിസ്ഥാനത്തിൽ കരാർ നിയമനം നടത്താമെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. ഇവരെ സ്ഥിരപ്പെടുത്തണമെന്ന കോടതി ഉത്തരവ് നിലനിൽക്കെയാണ് ഇതിനെ മറികടന്നുള്ള സർക്കാർ നടപടി. സുപ്രീംകോടതി നിർദ്ദേശപ്രകാരം 20 സംസ്ഥാനങ്ങൾ തസ്തിക രൂപീകരിച്ചിരിക്കെയാണ് കേരളം മാത്രം നിയമനത്തിന് തടയിട്ടിരിക്കുന്നത്. ആഗസ്റ്റ് 29ന് മുമ്പ് സ്ഥിരനിയമനത്തിനായുള്ള നടപടി സ്വീകരിക്കണമെന്ന് കോടതി നിർദ്ദേശം നൽകിയിരുന്നതാണ്. സ്ഥിരനിയമനം സാമ്പത്തിക ബാദ്ധ്യതയാകുമെന്നതിനാലാണ് സർക്കാർ നിലപാടെന്നും വിലയിരുത്തലുണ്ട്. സംസ്ഥാനത്ത് പ്രത്യേക പരിഗണന വേണ്ടിവരുന്ന ഒന്നേകാൽ ലക്ഷത്തോളം കുട്ടികളെയാണ് 2700 ഓളം സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാർ പഠിപ്പിക്കുന്നത്. ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ എലമെന്ററി തലത്തിൽ 10:1, 9 മുതൽ 12 വരെയുള്ള സെക്കൻഡറി തലത്തിൽ 15:1 രീതിയിലാണ് അദ്ധ്യാപക വിദ്യാർത്ഥി അനുപാതം. കേസ് നാളെ വീണ്ടും പരിഗണിക്കും.
''സത്യവാങ്മൂലം ഭിന്നശേഷി സൗഹൃദമെന്ന അവകാശവാദം കടലാസിൽ ഒതുങ്ങുന്നതിന് തെളിവാണ്. 25 വർഷത്തോളമായി ജോലി ചെയ്തുവരുന്നവർ പോലും പെരുവഴിയിലാവും. കോടതി വിധി നടപ്പാക്കണം""
-കെ.വി. അനൂപ് , പ്രസിഡന്റ്, സ്‌പെഷ്യൽ എഡ്യൂക്കേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാനകമ്മിറ്റി)