ആവേശ മുന്നേറ്റം തുടരാൻ വിപണികൾ

Monday 15 September 2025 12:12 AM IST

അമേരിക്കൻ ഫെഡറൽ റിസർവ് തീരുമാനം കാത്ത് വിപണികൾ

കൊച്ചി: അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പലിശ കുറയ്ക്കാനുള്ള തീരുമാനമാണ് നിക്ഷേപകർ കരുതലോടെ കാത്തിരിക്കുന്നത്. തൊഴിൽ മേഖലയിലെ തളർച്ചയും സാമ്പത്തിക മാന്ദ്യ സാദ്ധ്യതകളും കണക്കിലെടുത്ത് ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്ക് അര ശതമാനം വരെ കുറയ്ക്കുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. അവിടെ പലിശ കുറയുന്നതോടെ ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിലേക്ക് വിദേശ നിക്ഷേപ ഒഴുക്ക് കൂടിയേക്കും. ഇതോടൊപ്പം ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ 50 ശതമാനം അധിക തീരുവ ഒഴിവാക്കുന്നതിന് കേന്ദ്ര സർക്കാർ അമേരിക്കയുമായി വ്യാപാര ചർച്ചകൾ സജീവമാക്കുന്നതും നിക്ഷേപകർക്ക് പ്രതീക്ഷയാണ്. യൂറോപ്യൻ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാർ യഥാർത്ഥ്യമാക്കുന്നതിനും സർക്കാർ അതീവ ജാഗ്രതയാണ് പുലർത്തുന്നത്. നവംബറോടെ ഇന്ത്യയും യു.എസുമായി വ്യാപാര കരാറിലെത്തുമെന്ന് വാണിജ്യ മന്ത്രി പീയുഷ് ഗോയൽ വ്യക്തമാക്കിയിരുന്നു.

അമേരിക്കയിൽ പലിശ കുറയുമെന്ന സൂചന സ്വർണ വിപണിക്കും ആവേശമായി. ഫെഡറൽ റിസർവ് മുഖ്യ പലിശ അര ശതമാനം കുറച്ചാൽ പവൻ വില 83,000 രൂപ കടന്നേക്കും.

വിദേശ നിക്ഷേപകർ തിരിച്ചെത്തുന്നു

അമേരിക്ക ഉൾപ്പെടെയുള്ള വിദേശ വിപണികളിൽ അനിശ്ചിതത്വമേറിയതോടെ വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ പണമൊഴുക്ക് കൂടിയേക്കും. സാമ്പത്തിക അനിശ്ചിതത്വത്തിന്റെ കാലയളവിൽ മികച്ച വരുമാനം നേടാൻ ഇന്ത്യയിൽ അവസരമുണ്ടെന്ന് അനലിസ്റ്റുകൾ പറയുന്നു. കഴിഞ്ഞ വാരം ഇന്ത്യയിലെ പ്രമുഖ ഓഹരി സൂചികകൾ ഒന്നര ശതമാനം നേട്ടമുണ്ടാക്കിയിരുന്നു. വെള്ളിയാഴ്ച വിദേശ നിക്ഷേപകർ 140 കോടി രൂപയുടെ ഓഹരികളാണ് വാങ്ങികൂട്ടിയത്.

ഐ.പി.ഒ വിപണിയും സജീവം

രാജ്യത്തെ പ്രാരംഭ ഓഹരി വിൽപ്പന(ഐ.പി.ഒ) മേഖലയും മികച്ച ഉണർവിലാണ്. അഞ്ച് കമ്പനികളുടെ പ്രാരംഭ ഓഹരി വിൽപ്പന ഈ വാരം നടക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ 12 കമ്പനികൾ വിപണിയിൽ നിന്ന് 10,000 കോടി രൂപയാണ് സമാഹരിക്കുന്നത്.

സ്വർണ മുന്നേറ്റം തുടർന്നേക്കും

ആഗോള മേഖലയിലെ സാമ്പത്തിക അനിശ്ചിതത്വം സ്വർണ വിലയിലെ കുതിപ്പിന് ഊർജം പകർന്നേക്കും. ഫെഡറൽ റിസർവ് അപ്രതീക്ഷതമായി പലിശ നിരക്കിൽ അര ശതമാനം കുറവ് പ്രഖ്യാപിച്ചാൽ സ്വർണ വില പുതിയ ഉയരങ്ങളിലേക്ക് നീങ്ങും.

ആഗോള കറൻസിയെന്ന നിലയിൽ പ്രിയമേറുന്നതിനാൽ ഡോളറും ഡോളറിലുള്ള ആസ്തികളും ലോകമൊട്ടാകെ ഒഴിവാക്കുകയാണ്. അതിനാൽ സ്വർണ വിലക്കുതിപ്പ് തുടർന്നേക്കും

എസ്. അബ്ദുൽ നാസർ

ജനറൽ സെക്രട്ടറി

എ.കെ.ജി.എസ്.എം.എ