അങ്കമാലിയിൽ 35,000 കോടിയുടെ സംരംഭത്തിന് തുടക്കം
കൊച്ചി: ഇൻവെസ്റ്റ് കേരള രാജ്യാന്തര ഉച്ചകോടിയിൽ താത്പര്യപത്രം ഒപ്പുവച്ച ആർ.സി.സി ന്യൂട്രാഫിൽ പ്രൈവറ്റ് ലിമിറ്റഡിന്റെ നൂതന ഫുഡ് പ്രോസസിംഗ് ആൻഡ് ലൈഫ് സയൻസസ് മാനുഫാക്ചറിംഗ് ഫെസിലിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അങ്കമാലി കെ.എസ്.ഐ.ഡി.സി ബിസിനസ് പാർക്കിൽ തുടക്കമായി. കൊവിഡ് വാക്‌സിൻ വികസിപ്പിച്ച ഭാരത് ബയോടെക് ചെയർമാനും എം.ഡിയുമായ ഡോ. കൃഷ്ണ എല്ലയുടെ പുതിയ സംരംഭത്തിന് 35,000 കോടി രൂപയാണ് നിക്ഷേപം. വ്യവസായ മന്ത്രി പി.രാജീവ് ശിലാസ്ഥാപനം നടത്തി. ഐ.കെ.ജി.എസിലൂടെ നിർമ്മാണ ഘട്ടത്തിലേക്ക് കടക്കുന്ന 98-ാമത്തെ പദ്ധതിയാണിത്. താത്പര്യപത്രം ഒപ്പിട്ടതിൽ നാലിലൊന്ന് പദ്ധതികളുടെ നിർമ്മാണമാരംഭിച്ചെന്നു മന്ത്രി പറഞ്ഞു. കേരളത്തിലെ നിക്ഷേപാനുകൂല സാഹചര്യമാണ് പദ്ധതിക്ക് പ്രേരണയായതെന്ന് കൃഷ്ണ എല്ല പറഞ്ഞു. റോജി. എം. ജോൺ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ കളക്ടർ ജി.പ്രിയങ്ക, കെ.എസ്.ഐ.ഡി.സി.എം.ഡി വിഷ്ണു രാജ്, നഗരസഭാ ചെയർമാൻ അഡ്വ. ഷിയോപോൾ, ആർ.സി.സി ന്യൂട്രാഫിൽ ഡയറക്ടർ ഡി. സായ്പ്രസാദ്, ഡോ.ജലചാരി എല്ല,നഗരസഭാ കൗൺസിലർ അജിത എന്നിവർ പ്രസംഗിച്ചു.
വരും, കൂടുതൽ സംരംഭങ്ങൾ വിപുല കോൾഡ് സ്റ്റോറേജ്, വെയർഹൗസിംഗ്, ഗവേഷണം, വികസനം, ലോജിസ്റ്റിക്‌സ് ഇൻഫ്രാസ്ട്രക്ചർ എന്നിവയുൾപ്പെടുന്ന നിർമ്മാണ സമുച്ചയമാണ് ഒരുങ്ങുന്നത്. ലൈഫ് സയൻസ്, എഫ്.എം.സി.ജി വിഭാഗത്തിൽ പെടുന്ന ഉത്പന്നങ്ങളുടെ നിർമ്മാണത്തിനൊപ്പം കോൾഡ് സ്റ്റോറേജും സംഭരണശാലയുമെല്ലാം ഉൾക്കൊള്ളുന്നതാണിത്. ഓട്ടോമേഷൻ, യു.എസ്.ഡി.എഅക്രഡിറ്റേഷൻ, കംപ്ലയൻസ് മോണിറ്ററിംഗ് എന്നിവയുൾപ്പെടെ രാജ്യാന്തര മാനദണ്ഡങ്ങൾ പാലിച്ചാകും പ്രവർത്തനം. ഭക്ഷ്യ സംസ്‌കരണ, ലൈഫ് സയൻസ് മേഖലയിൽ കേരളത്തിലേക്ക് കൂടുതൽ കമ്പനികളെ ആകർഷിക്കാൻ സഹായകമാകുമെന്നു പ്രതീക്ഷിക്കുന്നു. റെഡി ടു യൂസ് കൾച്ചർ മീഡിയ പ്ലേറ്റുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും ഇന്ത്യയിലെ ആദ്യത്ത നിർമ്മാതാക്കളായ ആർ.സി.സി ന്യൂട്രാഫിൽ, ബംഗളൂരിൽ പയനിയറിംഗ് യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്.
തൊഴിലവസരങ്ങൾ
ലൈഫ് സയൻസസ്, ഭക്ഷ്യ സംസ്‌കരണ മേഖലയിൽ കേരളത്തിന്റെ വളർച്ച ത്വരിതപ്പെടുത്തുന്ന പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കേരള സർക്കാരിന്റെയും കെ.എസ്.ഐ.ഡി.സിയുടെയും പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.