ഇസ്രയേലിന്റെ ഉന്മൂലന യുദ്ധം വിജയിക്കാൻ പോകുന്നില്ല,​ അവർ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കണമെന്ന് ഖത്തർ

Sunday 14 September 2025 11:15 PM IST

ദോഹ : ഇസ്രയേൽ ദോഹയിൽ നടത്തിയ ആക്രമമണത്തിന്റെ പശ്ചാത്തലത്തിൽ രൂക്ഷ വിമർശനവുമായി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദു റഹ്മാൻ അൽത്താനി. ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കുന്നതിൽ ലോകരാജ്യങ്ങൾ ഇരട്ട നിലപാട് സ്വീകരിക്കരുതെന്ന് അദ്ദഹേം ആവശ്യപ്പെട്ടു. ഇസ്രയേലിനെ അവർ ചെയ്യുന്ന കുറ്റകുൃത്യങ്ങൾക്ക് ശിക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഖത്തർ പ്രധാനമന്ത്രി പറഞ്ഞു. തിങ്കളാഴ്ച നടക്കാനിരിക്കുന്ന അറബ്-മുസ്ലിം നേതാക്കളുടെ അടിയന്തര ഉച്ചകോടിക്ക് മുന്നോടിയായുള്ള യോഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പാലസ്തീൻ ജനതയെ അവരുടെ നാട്ടിൽ നിന്ന് പുറത്താക്കാൻ ലക്ഷ്യമിട്ടുള്ള ഇസ്രയേലിന്റെ ഉൻമൂലന യുദ്ധം വിജയിക്കാൻ പോകുന്നില്ലെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദു റഹ്മാൻ അൽത്താനി കൂട്ടിച്ചേർത്തു.

അതേസമയം അടിയന്തര ഉച്ചകോടിയിൽ ​ പങ്കെടുക്കുന്നതിനായി അറബ് നേതാക്കൾ ദോഹയിൽ എത്തിച്ചേർന്നിട്ടുണ്ട്. ഇസ്രയേലിന്റെ ആക്രമണത്തിന് പിന്നാലെ ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് നാളെ അറബ്,​ ഇസ്ലാമിക രാജ്യങ്ങളുടെ അടിയന്തര ഉച്ചകോടി നടക്കുന്നത്. സൗദി,​ തുർക്കി,​ പാകിസ്ഥാൻ,​ ഇറാൻ,​ ഇറാഖ്,​ ജോർദ്ദാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ ഇതിനകം ദോഹയിൽ എത്തിയിട്ടുണ്ട്.