വാഹന ബാറ്ററി ചാർജാക്കാൻ കെൽട്രോണിന്റെ ജമ്പ് സ്റ്റാ‌ർട്ടർ

Monday 15 September 2025 12:16 AM IST

കണ്ണൂ‌‌ർ: ബാറ്ററി ഡൗണായി വഴിയിലാകുന്ന വാഹനങ്ങൾക്ക് ജമ്പ് സ്റ്റാ‌ർട്ടറുമായി കെൽട്രോൺ. ബാറ്രറി ടെ‌ർമിനലുമായി ബന്ധിപ്പിക്കുന്ന ഉപകരണമായ ജമ്പ് സ്‌റ്റാർട്ടർ ഉപയോഗിച്ച് കേടാകാവുന്ന വാഹനം സ്റ്റാർട്ടാക്കി തൊട്ടടുത്തുള്ള ചാർജിംഗ് സ്റ്റേഷനിൽ എത്തിക്കാനാകും.

ജമ്പ് സ്റ്റാർട്ടറിൽ പവർ സംഭരണം, പ്രസരണം എന്നിവയ്ക്ക് നൂതന സൂപ്പർ കപ്പാസിറ്റർ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചത്. കെൽട്രോണിന്റെ കണ്ണൂരിലുള്ള സൂപ്പർ കപ്പാസിറ്റർ മാനുഫാക്ചറിംഗ് സെന്ററിലാണ് വികസിപ്പിച്ചത്.

ഇലക്ട്രിക് വീൽചെയർ, ലോജിസ്റ്റിക്‌സ് മേഖലയിലേക്കുള്ള ഇലക്ട്രിക് ട്രോളി എന്നിവയും സൂപ്പർ കപ്പാസിറ്ററുകൾ ഉപയോഗിച്ച് നിർമ്മിച്ചിട്ടുണ്ട്. വാട്ടർപമ്പ് നിയന്ത്രിക്കുന്ന സിംഗിൾ ഫെയ്സ് പമ്പ് കൺട്രോൾ പാനലും റെ‌ഡി.

തിരുവനന്തപുരത്ത് മന്ത്രി പി.രാജീവ് പുതിയ ഉത്പന്നങ്ങൾ വിപണിയിലിറക്കി. ലോകനിലവാരമുള്ള ഇലക്ട്രോണിക്‌സ് ഘടകങ്ങളുടെ ഉത്പാദകരായി കെൽട്രോൺ മാറുകയാണ്.

ഹിറ്റായി സൂപ്പർ

കപ്പാസിറ്റർ രാജ്യത്തെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ ഉത്പാദന കേന്ദ്രമാണ് കണ്ണൂർ കെൽട്രോണിൽ കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. 42 കോടി ചെലവുവരുന്ന പദ്ധതിയിൽ 18 കോടി രൂപയുടെ ആദ്യ ഘട്ടമാണ് പൂർത്തിയായത്.