മരമടി കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം, ആനന്ദപ്പള്ളിക്ക് പ്രതീക്ഷ
അടൂർ : കാർഷികവൃത്തിയുമായി ബന്ധപ്പെട്ടു നടത്തിയിരുന്ന കാളപൂട്ട്, കന്നുപൂട്ട്, മരമടി, ഉഴവ് മത്സരങ്ങൾ നടത്തുന്നതിന് ആവശ്യമായ നിയമനിർമ്മാണം നടത്തുന്നതിനുള്ള കരട് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതോടെ ആനന്ദപ്പള്ളി മരമടി മഹോത്സവത്തിന് പുതിയ പ്രതീക്ഷയായി. അടുത്ത നിയമസഭാസമ്മേളനത്തിൽ ബില്ല് പാസാക്കുമെന്ന പ്രതീക്ഷയിലാണ് ആനന്ദപ്പള്ളി കർഷക സമിതിയും മരമടി പ്രേമികളും.
ആനന്ദപ്പള്ളി കർഷക സമിതിയുടെ പ്രതികരണം
പല ജില്ലകളിലെ കർഷകരും ബില്ലിനുവേണ്ടി കാത്തിരിക്കാതെ മരമടികൾ മറ്റു പല പേരിൽ നടത്തിയപ്പോഴും അനന്ദപ്പള്ളി കർഷക സമിതി ബില്ലിനായി പോരാട്ടം തുടർന്നു. ചിറ്റയം ഗോപകുമാർ എം.എൽ.എ മൂന്നുതവണ നിയമസഭയിൽ വിഷയം അവതരിപ്പിച്ചു. കർഷക സമിതി മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും കക്ഷി രാഷ്ട്രീയ നേതാക്കൾക്കും പ്രതിപക്ഷ നേതാവിനും നിരവധി നിവേദനങ്ങൾ നൽകി. എട്ടു വർഷത്തിനുശേഷം മന്ത്രിസഭ ഇത് പരിഗണിച്ചത് കർഷക സമിതിയുടെ മാത്രം പോരാട്ട വിജയമാണ്. ബിൽ പാസായാൽ അടുത്ത സീസാണായി കാത്തിരിക്കാതെ തന്നെ മരമടി നടത്തും.
വർഗീസ് ദാനിയേൽ (പ്രസിഡന്റ്)
വി.കെ.സ്റ്റാൻലി (സെക്രട്ടറി)
നിയമസഭാ സമ്മേളന കാലയളവിൽ തന്നെ ബില്ല് അവതരിപ്പി ച്ച് പാസാക്കുന്നതിന് ശ്രമങ്ങൾ നടത്തിവരികയാണ്. നിയമസഭാ സാമാജികൻ എന്ന നിലയിൽ സഭയിൽ നിരവധി തവണ ചോദ്യങ്ങളിലൂടെയും സബ്മിഷനിലൂടെയും പ്രസംഗങ്ങളിലൂടെയും ഈ വിഷയം സജീവമാക്കിയിരുന്നു. മരമടി നടപ്പിലാക്കുന്നതിന് ആവശ്യമായ കരട് ബിൽ ഈ നിയമസഭ കാലയളവിൽ അംഗീകരിക്കപ്പെടുമെന്ന പ്രത്യാശയിലാണ്. 1960 ലെ കേന്ദ്രസർക്കാർ നിയമത്തിന് ഭേദഗതി വരുത്തിയാകും ഈ വിഷയം പരിഹരിക്കപ്പെടുക.
ചിറ്റയം ഗോപകുമാർ, ഡെപ്യൂട്ടി സ്പീക്കർ